ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദില്ലിയിലെ ഷഹീൻ ബാഗിൽ ആരംഭിച്ച പ്രക്ഷോഭത്തിന് പൂട്ടിട്ട് പൊലീസ്. ദില്ലിയിൽ കർഫ്യു നിലനിൽക്കുന്നതിനാൽ സമരം ചെയ്യാൻ അനുവദിക്കില്ലെന്ന് ദില്ലി പൊലീസ് സമരക്കാരെ അറിയിച്ചു. സമരപ്പന്തലിലെ കസേരകൾ എടുത്തുമാറ്റി. സ്ഥലത്ത് പൊലീസ് വിന്യാസം കൂട്ടി. 

സമരം ആരംഭിച്ച് 101 ദിവസത്തിന് ശേഷമാണ് ഇവിടെ നിന്നും സമരക്കാരെ ഒഴിപ്പിക്കുന്നത്. ജഫ്രബാദ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പൊലീസ് സുരക്ഷ കൂട്ടി. കലാപബാധിത പ്രദേശങ്ങളിലും പൊലീസിന്റെ കനത്ത സുരക്ഷ സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്.

കൊവിഡ് രോഗബാധ പടരുന്ന പശ്ചാത്തലത്തിൽ സമരം തുടരുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ സമരക്കാരോട് അഭ്യർത്ഥിച്ചിരുന്നു. കെജ്‍രിവാളിന്‍റെ അഭ്യർത്ഥന സമരസമിതി പൂർണമായും തള്ളിക്കളഞ്ഞിരുന്നു.

സമരത്തിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നാണ് സമരസമിതി അംഗങ്ങൾ വ്യക്തമാക്കിയത്. കൊവിഡ് എന്നല്ല ഒരു വൈറസിനെയും ഭയക്കുന്നില്ല, അതേസമയം ജാഗ്രതയുണ്ടാകും. ആൾക്കൂട്ടം ഒത്തുചേരുന്ന ഇടമായതിനാൽ കൃത്യമായ ജാഗ്രതാ നടപടികൾ സമരവേദിയിൽ ഉണ്ടാകുമെന്നാണ് സമരക്കാർ പറഞ്ഞത്.