Asianet News MalayalamAsianet News Malayalam

തീസ് ഹസാരി കോടതി സംഘര്‍ഷം; ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും

അഭിഭാഷകരും പൊലീസും ഏറ്റുമുട്ടിയ സംഭവത്തില്‍ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് ദില്ലി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അഭിഭാഷകര്‍ നാളെ കോടതികള്‍ ബഹിഷ്കരിക്കും.

tis hazari court clash crime branch will investigate
Author
Delhi, First Published Nov 3, 2019, 12:56 PM IST

ദില്ലി: ദില്ലിയിലെ തീസ് ഹസാരി കോടതിയില്‍ അഭിഭാഷകരും പൊലീസും ഏറ്റുമുട്ടിയ സംഭവം ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക സംഘം അന്വേഷിക്കും. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് ദില്ലി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നാളെ ദില്ലിയിലെ അഭിഭാഷകര്‍ ജില്ലാ കോടതികളും ഹൈക്കോടതിയും ബഹിഷ്കരിക്കും. ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുദ്യോഗസ്ഥരെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്നതും വാഹനങ്ങള്‍ തകര്‍ക്കുന്നതടക്കമുള്ള കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. 

186, 353, 427, 307 വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പൊലീസിന്‍റെയും അഭിഭാഷകരുടെയും പരാതിയില്‍ ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക സംഘം അന്വേഷിക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ദില്ലി ഹൈക്കോടതിയിലെ അഭിഭാഷകര്‍ നാളെ കോടതി ബഹിഷ്കരിക്കും. തിങ്കളാഴ്ച ദില്ലിയിലെ ജില്ലാ കോടതികളില്‍ അഭിഭാഷകര്‍ക്ക് നടത്തുന്ന പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചാണ് ഹൈക്കോടതിയിലെ അഭിഭാഷകരുടെ പ്രതിഷേധം. 

ഇന്നലെയാണ് തീസ് ഹസാരി കോടതി സമുച്ചയത്തില്‍ അഭിഭാഷകരും ദില്ലി പൊലീസും തമ്മില്‍ ഏറ്റുമുട്ടിയത്. ശനിയാഴ്ച്ച ഉച്ചയ്ക്കാണ് ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷത്തിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതിലൊരു സിസിടിവി ദൃശ്യത്തില്‍ അമ്പതിലേറെ വരുന്ന അഭിഭാഷകര്‍ ചേര്‍ന്ന് ഒരു പൊലീസുദ്യോഗസ്ഥനെ ക്രൂരമായി മര്‍ദ്ദിക്കുന്നതും മറ്റൊരു ദൃശ്യത്തില്‍ പൊലീസ് വാഹനങ്ങള്‍ എറിഞ്ഞു തകര്‍ക്കുന്നതും കാണാം. സംഘര്‍ഷത്തിനിടെ ഒരു പൊലീസ് ജീപ്പിന് ആരോ തീകൊളുത്തി. 

സംഘര്‍ഷത്തിനെ തുടര്‍ന്നുണ്ടായ പൊലീസ് വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ഒരു അഭിഭാഷകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റ രണ്ട് അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സില്‍ അടിയന്തര ധനസഹായമായി രണ്ടുലക്ഷം രൂപ നല്‍കി. സംഭവത്തില്‍ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അടക്കം ഇരുപത് പൊലീസുകാര്‍ക്കും എട്ട് അഭിഭാഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് വെടിവെപ്പിലും വാഹനങ്ങള്‍ തീയിടുന്നതിലേക്കും എത്തിയത്. 

Follow Us:
Download App:
  • android
  • ios