മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് നേരെയുള്ള പൊലീസ് നടപടിയിൽ യുഎൻ മനുഷ്യാവകാശ സംഘടന ആശങ്ക രേഖപ്പെടുത്തി.

ദില്ലി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് നേരെയുള്ള പൊലീസ് നടപടിയിൽ ആശങ്കയറിയിച്ച് യുഎൻ മനുഷ്യാവകശാ സംഘടന. പ്രതിഷേധക്കാരെയും, നേതാക്കളെയും, മാധ്യമപ്രവർത്തകരെയും കസ്റ്റഡിയിൽ എടുക്കുന്നതിലാണ് യുഎൻ ആശങ്ക അറിയിച്ചിരിക്കുന്നത്. സമാധാനപരമായ കൂടിച്ചേരലുകള്‍ക്കുള്ള അവകാശം ഹനിക്കരുതെന്നും സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് മേൽ അമിതാധികാരപ്രയോഗം പാടില്ലെന്നും യുഎൻ പറഞ്ഞു. ചർച്ചകള്‍ നടക്കുകയാണ് വേണ്ടതെന്നും ഏകപക്ഷീയമായി കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നും യുഎൻ മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു.

അതേസമയം, ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തവരിൽ ബിജെപി മുൻ എംഎൽഎയുടെ മകളും ഉൾപ്പെടുന്നതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ബിജെപി മുൻ എംഎൽഎ വിക്രം സിങിന്റെ മകൾ യശ്വസിനിയാണ് പിടിയിലായത്. ബംഗ്ലാ സാഹിബിലുളള പാർക്കിലിരിക്കുമ്പോഴാണ് കസ്റ്റഡിയിലെടുത്തത്. യശ്വസിനി ജൂലൈയിലെ സിജെപി സമരത്തിൽ പങ്കെടുത്തിരുന്നു. അതേസമയം, കോടതിയലക്ഷ്യ ഹർജിയിൽ നാളെ വാദം കേൾക്കും. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഉത്തരവ് പാലിച്ചില്ലെന്ന് കാട്ടി ശൈലേന്ദ്ര മണി ത്രിപാഠിയാണ് കോടതിയെ സമീപിച്ചത്. ഹർജിയിൽ നാളെ പ്രത്യേക വാദം സുപ്രീം കോടതി കേൾക്കും. ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിക്കുക.