ഫ​ദീദാബാദിൽനിന്നും നൂഹിൽനിന്നും ബോംബുണ്ടാക്കാനുള്ള സ്ഫോടക വസ്തുക്കൾ ശേഖരിച്ചു. ഇവ സൂക്ഷിക്കാൻ ഡീപ് ഫ്രീസറും വാങ്ങി, ഇതിനായി 26 ലക്ഷം രൂപ നെറ്റ്വർക്കിലുള്ളവർതന്നെ സമാഹരിച്ചെന്നും പ്രതികൾ വെളിപ്പെടുത്തി

ദില്ലി: ചെങ്കോട്ട സ്ഫോടന കേസിൽ അറസ്റ്റിലായവരുടെ ചോദ്യം ചെയ്യലിന്‍റെ വിശദാംശങ്ങൾ പുറത്ത്. രാജ്യത്തെ വിവിധ നഗരങ്ങളിൽ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായി അറസ്റ്റിലായവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചെന്നാണ് ലഭിക്കുന്ന സൂചന. രണ്ട് വർഷം നീണ്ട ഒരുക്കങ്ങൾ സ്ഫോടനത്തിനായി നടത്തിയെന്നും പ്രതികൾ പറഞ്ഞതായി വിവരമുണ്ട്. ഫ​ദീദാബാദിൽനിന്നും നൂഹിൽനിന്നും ബോംബുണ്ടാക്കാനുള്ള സ്ഫോടക വസ്തുക്കൾ ശേഖരിച്ചു. ഇവ സൂക്ഷിക്കാൻ ഡീപ് ഫ്രീസറും വാങ്ങി, ഇതിനായി 26 ലക്ഷം രൂപ നെറ്റ്വർക്കിലുള്ളവർതന്നെ സമാഹരിച്ചെന്നും പ്രതികൾ വെളിപ്പെടുത്തി. എ കെ 47 തോക്ക് വാങ്ങിയത് ആറര ലക്ഷം രൂപയ്ക്ക് എന്നും മുസമ്മിൽ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. അറസ്റ്റിലായവരിൽ മൂന്ന് പേർ 'ഉകാസ'യുടെ നിർദേശം അനുസരിച്ച് അഫ്​ഗാനിസ്ഥാനിലേക്ക് പോയെന്നും വിവരമുണ്ട്.

ആരാണ് മുസമ്മലിനെ നിയന്ത്രിച്ച 'ഉകാസ'

അതേസമയം രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനത്തില മാസ്റ്റര്‍ മൈൻഡ് എന്ന് കരുതപ്പെടുന്ന 'ഉകാസ'യെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചെന്ന സൂചനയും പുറത്തുവന്നിരുന്നു. കര്‍ണാടക സ്വദേശി മുഹമ്മദ് ഷാഹിദ് ഫൈസലാണ് 'ഉകാസ' എന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. 28 കാരനായ ഇയാൾ 2012 ൽ ഭീകരവാദവുമായി ബന്ധപ്പെട്ട കേസിന് പിന്നാലെ രാജ്യം വിട്ടെന്നാണ് വ്യക്തമാകുന്നത്. രാമേശ്വരം കഫേ, മംഗളൂരു, കൊയമ്പത്തൂര്‍ എന്നിവിടങ്ങളിൽ സ്ഫോടനം നടത്തിയ പ്രതികളെ വിദേശത്തിരുന്ന് നിയന്ത്രിച്ചത് ഫൈസലായിരുന്നു. ചെങ്കോട്ട സ്ഫോടനം നടത്തിയ മുസമ്മിലിനെ നിയന്ത്രിച്ചിരുന്ന ഉകാസയും ഇയാൾ തന്നെയാണെന്നാണ് ദേശീയ അന്വഷണ ഏജൻസി കണക്കുകൂട്ടുന്നത്. ഇയാൾ തന്നെയാണ് വൈറ്റ് കോളർ ഭീകര സംഘത്തെയും നിയന്ത്രിച്ചിരുന്നതായും സൂചനയുണ്ട്.

ചോദ്യം ചെയ്യാൻ 10 ദിവസം

ചെങ്കോട്ട സ്ഫോടന കേസിൽ എൻ ഐ എ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത നാല് പേരെ കോടതി ചോദ്യം ചെയ്യാൻ പത്ത് ദിവസത്തെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ഡോ. മുസമ്മിൽ ഷഹീൻ, ഡോ. അദീൽ അഹമ്മദ്, വനിതാ ഡോ. ഷഹീൻ സയ്ദ്, മുഫ്തി ഇർഫാൻ അഹമ്മദ് എന്നിവരെയാണ് പത്ത് ദിവസം ചോദ്യം ചെയ്യാൻ എൻ ഐ എക്ക് കസ്റ്റഡി അനുവദിച്ചത്. പതിനഞ്ച് ദിവസത്തെ കസ്റ്റഡിയാണ് എൻ ഐ എ ആവശ്യപ്പെട്ടത്. നേരത്തെ അമീർ റാഷിദ് അലി, ജസീർ ബിലാ വാനി എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. ആകെ 6 പേരുടെ അറസ്റ്റാണ് ഇതുവരെ കേസിൽ എൻ ഐ എ രേഖപ്പെടുത്തിയത്. ഇവരുടെ ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങളാണ് എൻ ഐ എക്ക് ലഭിച്ചിട്ടുള്ളതെന്നാണ് വ്യക്തമാകുന്നത്.