ദില്ലി: കലാപത്തിന് പിന്നാലെ കൊവിഡെന്ന മഹാമാരിയില്‍ പകച്ചു നില്‍ക്കുകയാണ് വടക്കുകിഴക്കന്‍ ദില്ലി. ലോക്ഡൗണില്‍ തൊഴിലില്ലാതായതോടെ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള വഴികളും ഇവര്‍ക്ക് മുന്നില്‍ അടഞ്ഞു. കലാപ ബാധിത മേഖലകളിലെ നാശനഷ്ടം ഇനിയും വിലയിരുത്തിയിട്ടില്ലാത്തതിനാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരവും കിട്ടിയിട്ടില്ല.

കൊവിഡിനെ തുരത്താന്‍ വീടുകളില്‍ സുരക്ഷിതരായിരിക്കാന്‍ കലാപത്തിന് ഇരകളായ ജാവേദ് ഉള്‍പ്പടെയുള്ളവരോട് ആവശ്യപ്പെട്ടാല്‍ ഏത് വീട്ടിലെന്ന ചോദ്യം കേള്‍ക്കേണ്ടിവരും. സുരക്ഷിതമെന്ന് കരുതിയ വീടുകളാണ് കത്തിച്ചാന്പലായത്. വൈറസിനെ പേടിയുണ്ട്. എന്നാല്‍ ഒരു കൂട്ടം മനുഷ്യരുണ്ടാക്കിയ നഷ്ടത്തേക്കാള്‍ വലുതാവില്ലല്ലോ എന്നാകും അവരുടെ മറുപടി.

കലാപത്തിന് ശേഷം ജീവിതം തിരിച്ചുപിടിക്കാനുള്ള പോരാട്ടംത്തിന് കരിനിഴല്‍ വീഴ്ത്തിയാണ് ലോക്ഡൗണ്‍ എത്തിയത്. അതോടെ തൊഴിലില്ലാതെയായി. വീടുകള്‍ പഴയപടിയാക്കാനും കഴിഞ്ഞില്ല. ഏറെ പേരും വാടക വീടുകളിലും അഭയകേന്ദ്രങ്ങളിലുമാണ് ലോക്ഡൗണ്‍ കാലം കഴിച്ച് കൂട്ടുന്നത്.

ഇടക്കാല ആശ്വാസമായി ഇരുപത്തിഅയ്യായിരം രൂപ മാത്രമേ ഇവര്‍ക്ക് കിട്ടിയിട്ടുള്ളൂ. മരിച്ചവരുടെ കുടുംബത്തിന് ദില്ലി സര്‍ക്കാര്‍ പ്രഖ്യാപിച്ച 
പത്ത് ലക്ഷം രൂപയും വീട് നഷ്ടപ്പെട്ടവര്‍ക്കുള്ള നാല് ലക്ഷവും കിട്ടിയിട്ടില്ല. കൊവിഡ് പ്രതിരോധത്തിനാണ് ഇപ്പോള്‍ മുന്‍ഗണനയെന്നാണ് ദില്ലി 
സര്‍ക്കാരിന്റെ പ്രതികരണം.