ദില്ലി: ചൊവ്വാഴ്ച അക്രമികൾ അഴിഞ്ഞാടിയ ഗോകുൽപുരിയിലും മുസ്തഫാബാദിലും തീവെപ്പും, കല്ലേറും, കൊള്ളയും മാത്രമല്ല നടന്നത്, വെടിവെപ്പ് കൂടിയാണ്. ന്യൂനപക്ഷമേഖലകളിൽ അക്രമികൾ കണ്ണിൽ കണ്ടതെല്ലാം ആക്രമിച്ചു. ചൊവ്വാഴ്ച നടന്ന അക്രമങ്ങളിൽ ഒരു കുട്ടിയ്ക്ക് ഉൾപ്പടെയാണ് പരിക്കേറ്റത്. ഇരുന്നൂറ്റമ്പതിലധികം പേർ ഇപ്പോൾ പരിക്കേറ്റ് ചികിത്സയിലുണ്ടെന്നാണ് പൊലീസിന്‍റെ കണക്ക്. ഇതിൽ മുപ്പത്തിയഞ്ച് പേർക്ക് ഗുരുതരമായ പരിക്കാണുള്ളത്. 

ഇതിനിടെയാണ് ഗോകുൽപുരിയിലെ അക്രമം റിപ്പോർട്ട് ചെയ്യുന്നതിനിടയ്ക്ക് ഏഷ്യാനെറ്റ് ന്യൂസ് സംഘം ആ കാഴ്ച കണ്ടത്. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ പി ആർ സുനിലും ക്യാമറാമാൻ ദീപു എം നായരും ജഫ്രാബാദിലെ കത്തിച്ച പള്ളിയ്ക്ക് അടുത്ത് നിന്ന് ഗോകുൽപുരിയിലേക്ക് വരികയായിരുന്നു. ചരക്കും പച്ചക്കറിയും കൊണ്ടുപോകാനായി ഏച്ചുകെട്ടിയ ഒരു സൈക്കിളിൽ ഒരു പതിന്നാലുകാരനെ പൊതിഞ്ഞ് കിടത്തിയിരിക്കുകയായിരുന്നു. പുതപ്പുകൊണ്ട് പൊതിഞ്ഞ്, മുറിവ് ചുറ്റിക്കെട്ടിയ കുട്ടിയ്ക്ക് വെടിയേറ്റതാണ്. രാവിലെ 11 മണിയോടെ സംഘടിതമായി എത്തിയ ഒരു സംഘം അക്രമികൾ സ്ഥലത്ത് അക്രമം അഴിച്ചുവിട്ടു. ഇതിനിടെയാണ് കുട്ടിയ്ക്ക് വെടിയേറ്റത്. കുട്ടികളെന്ന് പോലും നോക്കാതെ വെടിയുതിർത്തു അക്രമികൾ എന്ന് തന്നെ വ്യക്തമാകുന്ന ദൃശ്യങ്ങൾ.

ഏറ്റവും ഭീതിജനകമായിരുന്ന കാര്യം, തെരുവിൽ ഒരു ഉന്തുസൈക്കിളിൽ വെടിയേറ്റ് ചോരയൊലിപ്പിച്ച് ആ കുട്ടി കിടന്നത് ആറ് മണിക്കൂറോളമാണ് എന്നതാണ്. മുറിവ് പൊതിഞ്ഞുകെട്ടി കാവലിരുന്നു കുടുംബം. പൊലീസ് എത്തിയതേയില്ല. പല തവണ ഈ കുടുംബം പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചു. ആരും പ്രതികരിച്ചില്ല. 

ഒടുവിൽ ഏഷ്യാനെറ്റ് ന്യൂസിന്‍റേതടക്കം ഒരു സംഘം മാധ്യമപ്രവർത്തകർ ഇവിടെയെത്തി. ഞങ്ങളുടെ തന്നെ ടാക്സിയിൽ കുട്ടിയെ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും, വാടകയ്ക്ക് എടുത്ത ഞങ്ങളുടെ ടാക്സി ഡ്രൈവർ കലാപകലുഷിതമായ ഒരു മേഖലയിലൂടെ ന്യൂനപക്ഷകുടുംബത്തിലെ ആളുകളെയും കൊണ്ട് പോകാൻ, ഭയം കാരണം വിസമ്മതിച്ചു. ഒടുവിൽ വനിതകളായ ഒരു സംഘം മാധ്യമപ്രവർത്തകരും, ഏഷ്യാനെറ്റ് ന്യൂസിന്‍റെ മാധ്യമപ്രവർത്തകരും സംസാരിച്ചപ്പോഴാണ് ഒരു പൊലീസ് പിസിആർ വാൻ ഇവിടേക്ക് വരാൻ തയ്യാറായത്. 

ഇവിടെയെത്തിയ പിസിആർ വാൻ ആദ്യം വഴി തിരിഞ്ഞ് പോയെങ്കിലും ഞങ്ങളും, കൂടെയുണ്ടായിരുന്ന വനിതാമാധ്യമപ്രവർത്തകർ പിന്നാലെ ഓടി. ഇതിന് ശേഷമാണ് ആ വാൻ എത്തി കുട്ടിയെ വണ്ടിയിൽ കയറ്റാനും ആശുപത്രിയിൽ കയറ്റാനും തയ്യാറായത്. 

ഇന്ന് സുപ്രീംകോടതിയിൽ കേസ് പരിഗണിക്കുമ്പോൾ, പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഈ വീഡിയോ ദൃശ്യങ്ങളടക്കം ഉന്നയിക്കും.

ആ ദൃശ്യങ്ങൾ കാണാം:

വിശദമായ വിശകലനം കാണാം ന്യൂസ് അവറിൽ: