Asianet News MalayalamAsianet News Malayalam

ഐബി ഉദ്യോഗസ്ഥന്‍റെ കൊലപാതകത്തില്‍ താഹിർ ഹുസൈനൊപ്പം കെജ്രിവാളിനും ഇരട്ടശിക്ഷ നല്‍കണം; കടന്നാക്രമിച്ച് ബിജെപി

താഹിർ ഹുസൈനൊപ്പം അയാളുടെ നേതാവായ കെജ്രിവാളിനും ഇരട്ട ശിക്ഷ നൽകണമെന്നും കേസിലെ പ്രതികളെയും ഗൂഢാലോചനയ്ക്കാരെയും തൂക്കിലേറ്റണം എന്നും തിവാരി 

delhi riots, bjp against arvind kejriwal and tahir hussain
Author
Delhi, First Published Feb 28, 2020, 10:52 AM IST

ദില്ലി: ഐബി ഓഫീസറുടെ മരണവുമായി ബന്ധപ്പെട്ട് ആംആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിർ ഹുസൈന് എതിരെയുള്ള കൊലപാതക കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കടന്നാക്രമിച്ച് ബിജെപി ദില്ലി അധ്യക്ഷൻ മനോജ് തിവാരി. താഹിർ ഹുസൈനൊപ്പം അയാളുടെ നേതാവായ കെജ്രിവാളിനും ഇരട്ട ശിക്ഷ നൽകണമെന്നും കേസിലെ പ്രതികളെയും ഗൂഢാലോചനയ്ക്കാരെയും തൂക്കിലേറ്റണം എന്നും തിവാരി ആവശ്യപ്പെട്ടു. കലാപത്തിൽ ആംആദ്മി പാർട്ടി പ്രവർത്തകർക്ക്‌ പങ്കുണ്ടെങ്കിൽ ഇരട്ട ശിക്ഷ നൽകണം എന്ന് നേരത്തെ കെജ്‌രിവാളിന്റെ പ്രസ്താവന ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കെജ്രിവാളിനെതിരെ ബിജെപി രംഗത്തെത്തിയത്.

അതിനിടെ താഹിര്‍ ഹുസൈന്‍റെ വീട്ടില്‍ നിന്നും പെട്രോള്‍ നിറച്ച കുപ്പികള്‍ താഴേക്ക് വലിച്ചെറിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കി നാട്ടുകാര്‍ രംഗത്തെത്തി. കലാപം നിയന്ത്രിക്കേണ്ട വ്യക്തി ഈ പ്രദേശത്തെ കൗൺസിലര്‍ തന്നെ കലാപം നടത്താന്‍ ശ്രമിച്ചുവെന്നും നാട്ടുകാര്‍ ആരോപിച്ചു. സംഭവം നടക്കുമ്പോള്‍ താന്‍ ഇവിടെയില്ലായിരുന്നുവെന്നാണ് താഹിര്‍ ഹുസൈന്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഇക്കാര്യങ്ങള്‍ നാട്ടുകാര്‍ തള്ളി. ഇയാള്‍ ഈ പ്രദേശത്ത് തന്നെയുണ്ടായിരുന്നുവെന്നതിന്‍റെ വീഡിയോ തെളിവുകളും ലഭിച്ചിട്ടുണ്ട്. 

ഐബിയിൽ ട്രെയിനി ഓഫീസർ ആയിരുന്ന അങ്കിതിന്റെ മൃതദേഹം ചാന്ദ് ബാഗിലെ ഒരു ഓടയിൽ നിന്നാണ് കണ്ടെടുത്തത്. അങ്കിത് ശർമയുടെ കുടുംബം, ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവായ താഹിർ ഹുസൈനാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആരോപിച്ചത്. നെഹ്‌റു വിഹാറിൽ നിന്നുള്ള കൗൺസിലറാണ് താഹിർ ഹുസ്സൈൻ. കലാപത്തിനിടെ അങ്കിത് ശർമയെ വധിച്ച് കുറ്റം ലഹളക്കാർക്കുമേൽ ആരോപിക്കുകയാണ് താഹിർ ചെയ്തിരിക്കുന്നത് എന്നാണ് അങ്കിതിന്റെ ബന്ധുക്കളുടെ ആരോപണം. 

കലാപത്തിന് ശേഷം ദില്ലി ശാന്തമാകുകയാണ്. ദില്ലിയുടെ വടക്ക് കിഴക്കന്‍ ദില്ലിയിലെ സ്ഥിതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തി. ദില്ലിയിലെ ചാന്ദ്ബാഗ് മേഖലയിൽ കടകൾ തുറക്കാൻ ആരംഭിച്ചതായും ജനജീവിതം സാധാരണ നിലയിലാവുന്നതിന്റെ ലക്ഷണമാണിതെന്നും ദില്ലി പൊലീസ് ജോയിന്റ് കമ്മിഷണർ ഒപി മിശ്ര മാധ്യമങ്ങളോട് പ്രതികരിച്ചു. പൊലീസിന്റെ പ്രഥമ പരിഗണന ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുന്നതിലെന്നും പൊലീസ് ജോയിന്റ് കമ്മിഷണർ വ്യക്തമാക്കി. 

അതേസമയം ദില്ലിയിലെ  കലാപബാധിതയിടങ്ങള്‍ ദേശീയ വനിതാക്കമ്മീഷൻ സന്ദർശിക്കും. കലാപത്തിന് ഇടയിൽ സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനാണ് സന്ദർശനം. ദേശീയ വനിക്കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മയും രണ്ട് അംഗങ്ങളുമാകും സന്ദർശനം നടത്തുക. കലാപം പൊട്ടിപ്പുറപ്പെട്ട ജഫ്രാബാദ് സംഘം ഇന്ന്  സന്ദര്‍ശിക്കും. 

Follow Us:
Download App:
  • android
  • ios