ദില്ലി: പൗരത്വ നിയമ ഭേദഗതിയെ ചൊല്ലിയുണ്ടായ പ്രക്ഷോഭങ്ങൾക്കിടെ കലാപകാരികളുടെ വെടിയേറ്റ് ചികിത്സയിലായിരുന്ന പതിനാലുകാരൻ ജീവിതത്തിലേക്ക് മടങ്ങുന്നു. കലാപമുണ്ടായപ്പോൾ ചിതറിയോടുന്നതിനിടെ വെടിയേറ്റ് വീണ ഫൈസാൻ എന്ന പതിനാലു വയസ്സുകാരൻ ചികിത്സ കിട്ടാതെ മണിക്കൂറുകളോളം വഴിയിൽ കിടന്നത് ഏഷ്യാനെറ്റ് ന്യൂസ് സംഘം പുറം ലോകത്തെ അറിയിച്ചിരുന്നു. വേദനകൊണ്ട് പുളഞ്ഞ് ചോരയൊലിപ്പിച്ച് മണിക്കൂറുകളോളം സഹായം കാത്ത് വഴിയിൽ കിടന്ന ഫൈസാനെ ഒടുവിൽ മാധ്യമപ്രവര്‍ത്തകരാണ് പൊലീസ് വാഹനം തടഞ്ഞ് നിര്‍ത്തി ആശുപത്രിയിലാക്കിയത്. 

ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ശസ്ത്രക്രിയ കഴിഞ്ഞ് ഫൈസാൻ ജീവിതത്തിലേക്ക് മടങ്ങിയെത്തുകയാണ്. വേദന കുറവുണ്ട്, വേഗം നടക്കാനാകുമെന്നാണ് പ്രതീക്ഷയെന്നാണ് ആശുപത്രിയിലെത്തി ഫൈസാനെ കണ്ട ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി പിആര്‍ സുനിലിനോട് പതിനാലുകാരന്‍റെ പ്രതികരണം. 

പതിനാലുകാരന്‍റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ഒട്ടേറെ വാര്‍ത്തകര്‍ പ്രചരിച്ചതോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം നേരിട്ട് ആശുപത്രിയിലെത്തിയത്. പിആര്‍ സുനിൽ തയ്യാറാക്കിയ റിപ്പോര്‍ട്ട് കാണാം: 

"

ചെറിയ ജോലികളൊക്കെ ചെയ്താണ് ഗോകുൽ പുരിയിൽ പതിനാലുകാരന്‍റെ ജീവിതം. ഏഴാം ക്ലാസ് വരെ മാത്രമാണ് ഫൈസാൻ സ്കൂളിൽ പോയത്. അച്ഛനും അമ്മയും ഇല്ലാത്ത ഫൈസാൻ ബന്ധുക്കളുടെ സഹായത്തോടെ ചെറിയ ജോലികളൊക്കെ ചെയ്താണ് ജീവിച്ച് പോന്നിരുന്നത്. കലാപം ഉണ്ടായ ദിവസം ആഹാരം വാങ്ങാനിറങ്ങിയപ്പോഴാണ് അക്രമികൾ വെടിയുതിര്‍ത്തതും ഫൈസാൻ റോഡിൽ പിടഞ്ഞ് വീഴുന്നതും.

ഗോകുൽപുരിയിലെ അക്രമം റിപ്പോർട്ട് ചെയ്യുന്നതിനിടയ്ക്ക് ചൊവ്വാഴ്തചയാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം ആ കാഴ്ച കണ്ടത്.  ചരക്കും പച്ചക്കറിയും കൊണ്ടുപോകാനായി ഏച്ചുകെട്ടിയ ഒരു സൈക്കിളിൽ ഒരു പതിന്നാലുകാരനെ പൊതിഞ്ഞ് കിടത്തിയിരിക്കുകയായിരുന്നു. പുതപ്പുകൊണ്ട് പൊതിഞ്ഞ്, മുറിവ് ചുറ്റിക്കെട്ടിയ കുട്ടിയ്ക്ക് വെടിയേറ്റതാണെന്ന് തിരിച്ചറിഞ്ഞു,  അന്ന് രാവിലെ 11 മണിയോടെ സംഘടിതമായി എത്തിയ ഒരു സംഘം അക്രമികൾ സ്ഥലത്ത് അക്രമം അഴിച്ചുവിട്ടു. ഇതിനിടെയാണ് കുട്ടിയ്ക്ക് വെടിയേറ്റത്. 

ആറ് മണിക്കൂറോളം വഴിയിൽ കിടന്ന ശേഷമാണ് മാധ്യമപ്രവര്‍ത്തകര്‍ പൊലീസ് വാഹനം തടഞ്ഞ് നിര്‍ത്തി കുട്ടിയെ ആശുപത്രിയിലാക്കിയത്. സുപ്രീംകോടതിയിൽ ദില്ലി കലാപ കേസ് പരിഗണിച്ചപ്പോൾ, പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഈ വീഡിയോ ദൃശ്യങ്ങളടക്കം ഉന്നയിക്കാൻ തീരുമാനിക്കുകയും ചെയ്തു 

 അന്നത്തെ ആ ദൃശ്യങ്ങൾ കൂടി കാണാം: