കഴിഞ്ഞ 764 ദിവസമായി ജയിലിൽ കഴിയുകയാണ് ഉമർ ഖാലിദ്. നേരത്തെ വിചാരണക്കോടതിയും ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ദില്ലി: ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസിൽ ജെഎൻയു മുൻ വിദ്യാർത്ഥി നേതാവും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ച് ദില്ലി ഹൈക്കോടതി. കഴിഞ്ഞ 764 ദിവസമായി ജയിലിൽ കഴിയുകയാണ് ഉമർ ഖാലിദ്. നേരത്തെ വിചാരണക്കോടതിയും ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

രണ്ട് മാസത്തിലധികം നീണ്ട വാദങ്ങൾക്ക് ഒടുവിലാണ് ദില്ലി കോടതിയുടെ ഉത്തരവ്. ഉമർ ഖാലിദിനെതിരെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട വിവിധ തെളിവുകൾ ഉണ്ടെന്ന് കോടതി നീരീക്ഷിച്ചു. കുറ്റപത്രവും അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളും പരിഗണിച്ചാൽ രാജ്യതലസ്ഥാനത്ത് നടന്ന ആക്രമണങ്ങളിൽ ഖാലിദിന്റെ ഇടപെടൽ വ്യക്തമാണെന്ന് കോടതി ഉത്തരവിൽ പറയുന്നു.

2020 സെപ്തംബർ 13 നാണ് ഉമർ ഖാലിദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന ആരോപിച്ചാണ് യുഎപിഎ ചുമത്തിയായിരുന്നു അറസ്റ്റ്. കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുൻ ആം ആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്നും കലാപം നടക്കുന്നതിന് ഒരു മാസം മുൻപ് ഇവർ രണ്ട് പേരും, ഷഹീൻ ബാഗിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന്‌ പിന്നിൽ പ്രവർത്തിച്ച യുണൈറ്റ് എഗെൻസ്റ്റ് ഹെയ്റ്റ് സ്ഥാപകനായ ഖാലിദ് സൈഫിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു.

ദില്ലി കലാപകേസിലെ അനുബന്ധ കുറ്റപത്രത്തില്‍ സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയടക്കം ഒന്‍പത് പ്രമുഖരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയത് വലിയ വിവാദമായിരുന്നു. ജനുവരി 15 ന് സീലംപൂരിലെ പ്രതിഷേധ സ്ഥലത്ത് എത്തിയ സീതാറാം യെച്ചൂരി, യോഗേന്ദ്രയാദവ്, ഉമര്‍ഖാലിദ് എന്നിവര്‍ ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചെന്ന് പ്രതികളുടെ മൊഴിയെ ഉദ്ധരിച്ച് കുറ്റപത്രത്തില്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ദില്ലി കലാപ ചര്‍ച്ച വീണ്ടും സജീവമായി. പിന്നാലെയാണ് ഉമര്‍ ഖാലിദിനെ പൊലീസ് വിളിച്ച് വരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.