''വേച്ചുവേച്ചാണ് ഓടിയത്. വീടിനകത്ത് തീ കൊളുത്തിയപ്പോൾ കുട്ടികളെയും കൊണ്ട് ഓടുകയായിരുന്നു. കുട്ടികളെ ചേർത്ത് പിടിച്ച് കൈ കൂപ്പി, അവരെക്കൊണ്ട് കൈ കൂപ്പിച്ച് ഞാൻ അവരോട് ഇരന്നു. വെറുതെ വിടൂ, വെറുതെ വിടൂ എന്ന്. അവർ വെറുതെ വിട്ടില്ല'', എന്ന് ജാവേദ്.
ദില്ലി: ദില്ലിയിലെ വർഗീയ കലാപം തകര്‍ത്തത് കെട്ടിടങ്ങൾ മാത്രമല്ല, ഒരുപാട് മനുഷ്യരുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. ഇനിയൊരിക്കലും ഇതു പോലൊരു കലാപം ആവര്‍ത്തിക്കരുത്. കലാപത്തിൽ എല്ലാ നഷ്ടപ്പെട്ട ശിവ് വിഹാറിലെ ജാവേദിനും കുടുംബത്തിനുമൊപ്പം അവരുടെ കത്തിക്കരിഞ്ഞ വീട്ടിലേക്ക് പോയ ഞങ്ങളുടെ പ്രതിനിധി പി.ആർ.സുനിലും സംഘവും കണ്ടത് ഹൃദയഭേദകമായ കാഴ്ചകളാണ്.
ജാവേദും ഷമയും ഞങ്ങളുടെ പ്രതിനിധിസംഘത്തോടൊപ്പം, ടോർച്ച് പിടിച്ച് ഇരുണ്ട വഴിയിലൂടെ കയറി. കയറുമ്പോൾത്തന്നെ കത്തിക്കരിഞ്ഞ കോണിപ്പടികളിൽ നിരവധി സാധനങ്ങൾ കിടക്കുന്നത് കാണാം. നടന്ന് വന്നപ്പോഴാണ് ജാവേദിന്‍റെ ഇളയ മകൾ നസ്രയുടെ കണ്ണിൽ അത് പെട്ടത്. അവളുടെ പ്രിയപ്പെട്ട പാവക്കുട്ടി.
''എന്‍റെ കളിവീട്ടിലെ പാവക്കുട്ടിയായിരുന്നു ഇവൾ. സൗദിയിലെ എന്‍റെ മാമു കൊണ്ടുവന്നതാ. ഇങ്ങനെ എന്‍റെ എല്ലാം ഇല്ലാണ്ടാക്കിയില്ലേ?'', അവൾ വിതുമ്പുന്നു.
''ഞങ്ങടെ പുസ്തകങ്ങളെല്ലാം കത്തിച്ചു. ഇനിയൊന്നും ബാക്കിയില്ലല്ലോ?'', അവളുടെ കളിവീടും, വായിച്ച് രസിച്ചിരുന്ന പുസ്തകങ്ങളും, സൂക്ഷിച്ച കളിപ്പാട്ടങ്ങളും ഒക്കെ കത്തിക്കരിഞ്ഞതിനിടയിൽ തിരഞ്ഞുകൊണ്ട് നസ്ര വിമ്മിക്കരഞ്ഞു. ഒന്നും ഇനി തിരിച്ച് കിട്ടില്ലെന്നറിഞ്ഞപ്പോൾ ഉമ്മയുടെ അടുത്ത് വന്ന് കെട്ടിപ്പിടിച്ച് തേങ്ങി.
പുസ്തകങ്ങൾ നസ്രയ്ക്ക് പ്രാണനായിരുന്നു. അവളുടെ മൂത്ത സഹോദരൻ യാസിറിനും. മെഡലുകൾ, സർട്ടിഫിക്കറ്റുകൾ എല്ലാം കത്തിപ്പോയത് അവൾക്ക് ഓർക്കാൻ വയ്യ.
കലാപം നടന്ന ദിവസം അവളുടെ അച്ഛനും ചെറിയച്ഛനും ചേർന്ന് ഓടിയെത്തി സ്കൂളിൽ നിന്ന് അവളെ കൂട്ടിക്കൊണ്ടുവന്നു. കൂടെ സഹോദരനെയും. വീട്ടിലെത്തിയപ്പോഴേക്ക് കല്ലേറും മുദ്രാവാക്യം വിളികളും തുടങ്ങി. അപ്പോഴെല്ലാവരും വീടിനകത്ത് കയറി ഒളിച്ചു.
അപ്പോഴേക്ക് അവരുടെ വീടിന് കലാപകാരികൾ തീയിട്ടു കഴിഞ്ഞിരുന്നു. അവരിറങ്ങി ഓടി. ഓടുന്ന വഴിക്ക് അവരുടെ വണ്ടി കത്തുന്നത് കണ്ടു ജാവേദും കുടുംബവും. പിന്നാലെ വീടും കടയും എല്ലാം അഗ്നിഗോളമായി മാറുന്നതും.
''പരീക്ഷയ്ക്ക് പഠിക്കുകയായിരുന്നു ഞാൻ. എനിക്ക് പരീക്ഷ നടക്കുന്ന സമയമാണ്. ആ സമയത്താണ് കല്ലേറ് തുടങ്ങുന്നത്. ഞങ്ങളവരോടൊക്കെ കൈയും കാലും പിടിച്ച് പറഞ്ഞു. അങ്ങനെ ചെയ്യല്ലേ, ചെയ്യല്ലേ എന്ന്. അവരതൊന്നും കേട്ടില്ല. പിന്നെയും കല്ലെറിഞ്ഞു കൊണ്ടേയിരുന്നു. ഇതിനിടയിലാണ് തുണിയിൽ ചുറ്റി അവരെന്തോ എറിഞ്ഞത്. പെട്ടെന്ന് ഞങ്ങളുടെ വീടിന്‍റെ ഒരു വശത്തിന് തീ പിടിച്ചു. ഞങ്ങളുടെ കടയടക്കം സകലതും കത്തിപ്പോയി. ഇടാൻ ഒരു ഉടുപ്പുമില്ല ഭയ്യാ. അതടക്കം അവർ കത്തിച്ചുകളഞ്ഞു. ഇത് ബന്ധുക്കളുടെയാ'', യാസിർ പറയുന്നു. അത് പറയുമ്പോഴും ആ കുഞ്ഞുങ്ങളുടെ കണ്ണിൽ ഭീതിയൊഴിയുന്നില്ല.
''സ്കൂളിലെങ്ങനെയാണ് പോകുന്നത് എന്നാണ് കുട്ടികൾ ചോദിക്കുന്നത്. പുസ്തകങ്ങൾ കത്തിച്ചു. യൂണിഫോം കത്തിച്ചു. എല്ലാം പോകട്ടെ, സ്കൂളടക്കം എല്ലാം കത്തിച്ചില്ലേ? സ്കൂളെങ്കിലും അവർക്ക് ബാക്കി വയ്ക്കാമായിരുന്നില്ലേ? ഇനി അവരെ എവിടെ വിട്ട് പഠിപ്പിക്കും? അവരുടെ പഠനമെന്താകും?'', ഷമ ചോദിക്കുന്നു.
''പ്രശ്നമുണ്ടായപ്പോൾ, ഞങ്ങളിവിടെ ഉണ്ടായിരുന്നു. ഇത്ര പ്രശ്നമാകുമെന്നോ, പ്രശ്നങ്ങളെല്ലാം ഇങ്ങനെ കൈവിട്ടുപോകുമെന്നോ ഒന്നും ഞങ്ങൾ കരുതുന്നില്ലല്ലോ. പക്ഷേ, കലാപകാരികൾ അതൊന്നും നോക്കിയില്ല. ഒന്നുമുണ്ടായിരുന്നില്ല. പ്രാണൻ മാത്രം കൈയിലെടുത്ത്, കുഞ്ഞുങ്ങളെ വാരിപ്പിടിച്ച് ഓടുകയായിരുന്നു ഞങ്ങൾ. കലാപകാരികൾ ഒന്നും നോക്കിയില്ല സാറേ, എല്ലാമവർ നശിപ്പിച്ചില്ലേ? നിങ്ങൾ തന്നെ കാണൂ. ഒന്നും ബാക്കിയില്ലാതെ കത്തിച്ചുകളഞ്ഞു'', ജാവേദ് പറയുന്നു.

കത്തിക്കരിഞ്ഞ അസ്ഥികൂടം പോലെ കിടക്കുകയാണ് അവരുടെ ആ വീട്. ആ വീട്ടിലെ ഓരോ നല്ല നിമിഷങ്ങളുടെയും ചിത്രങ്ങൾ അവരുടെ മൊബൈൽ ഫോണിലുണ്ട്. അതൊക്കെ എടുത്ത് ആ സന്തോഷവീട് ഇനി തിരിച്ച് വരില്ലെന്ന് നെഞ്ചിലൊരു വിറയലോടെ, വല്ലാത്ത കനത്തോടെ അവരോർക്കും. കത്തിക്കരിഞ്ഞ ഓരോ മുറിയിലും, ആ പഴയ ചിത്രങ്ങൾ പിടിച്ച് അവർ നിന്നു.
''ഇതായിരുന്നു ഞങ്ങളുടെ അടുക്കള, ഇതായിരുന്നു ഞങ്ങളുടെ അലമാര, ഇതാണ് ഞങ്ങളുടെ സ്വീകരണമുറി. ആ സീലിംഗിലെ ഫാൻ പോലും കത്തി'', ഞങ്ങൾക്ക് പറഞ്ഞു തരുമ്പോഴും ഷമ ഒരു മിനിറ്റ് നേരം മകന്‍റെ തോളിൽ വീണ് വിങ്ങിപ്പൊട്ടി.
''വേച്ചുവേച്ചാണ് ഓടിയത്. വീടിനകത്ത് തീ കൊളുത്തിയപ്പോൾ കുട്ടികളെയും കൊണ്ട് ഓടുകയായിരുന്നു. കുട്ടികളെ ചേർത്ത് പിടിച്ച് കൈ കൂപ്പി, അവരെക്കൊണ്ട് കൈ കൂപ്പിച്ച് ഞാൻ അവരോട് ഇരന്നു. വെറുതെ വിടൂ, വെറുതെ വിടൂ എന്ന്. അവർ വെറുതെ വിട്ടില്ല'' ജാവേദ് പറയുന്നതിനിടെ, മകൾ ഇടയ്ക്ക് കയറി ഞങ്ങളോട് മിണ്ടാൻ തുടങ്ങി. അന്നത്തെ അനുഭവങ്ങളെക്കുറിച്ച്..
ഒരു കൊച്ചുകുഞ്ഞ് ഒരിക്കലും കാണരുതാത്ത കാഴ്ചയാണവൾ കണ്ടത്. ''വെറുതെ വിടണേ എന്ന് അവരോട് ഞാൻ കൈ കൂപ്പി പറഞ്ഞു. എന്‍റെ ചാച്ചുവും അബ്ബയും എല്ലാമുണ്ടായിരുന്നു. പറയുന്നതിനിടെ ചാച്ചുവിന്‍റെ മുഖത്ത് വന്ന് ഒരു കല്ല് കൊണ്ടു. പിന്നെയൊന്ന് നെറ്റിയിൽ. ചാച്ചുവിന്‍റെ മുഖത്ത് നിന്ന് നിറയെ ചോര വന്നു. എനിക്ക് ഓർമയില്ല പിന്നൊന്നും'', വിതുമ്പുമ്പോഴും നസ്രയുടെ കുഞ്ഞു കണ്ണുകളിൽ ഭീതിയല്ലാതെ വേറൊന്നുമില്ല.
ഓരോ മുറിയിലേക്കും അവർ നടന്നു കയറുമ്പോൾ, കത്തിക്കരിഞ്ഞ ചുമരിലെ പാളികൾ അടർന്നുവീഴുമ്പോൾ, അവരുടെ നെഞ്ച് അടർന്നുവീഴുന്നത് പോലെയാണ് ജാവേദിനും ഷമയ്ക്കും. വീടിന് തൊട്ടുതാഴെയായിരുന്നു അവരുടെ കടയും. ലക്ഷങ്ങൾ മുടക്കിയ പലചരക്കുകട. അതിലെ സ്റ്റോക്കടക്കം സകല സാധനങ്ങളും കത്തി. കടം വാങ്ങി വച്ചതാണ്. അതൊക്കെ എന്ന് തിരിച്ചുകൊടുക്കും? തൊട്ടാൽ ഉതിർന്നുവീഴുന്ന തരത്തിൽ അസ്ഥിവാരം പോലും ദുർബലമായി നിൽക്കുന്ന ഈ വീട്ടിൽ നിന്ന് അവരെങ്ങനെ വീണ്ടുമൊരു ജീവിതം കരുപ്പിടിപ്പിക്കും? ഇരുവർക്കും ജീവിതം മുന്നിൽ വലിയൊരു ചോദ്യചിഹ്നമായി നിൽക്കുകയാണ്.