ദില്ലി: തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയോ വിഭ്രാന്തി പരത്തുന്ന കാര്യങ്ങള്‍ ചെയ്യുകയോ അരുതെന്ന് നേതാക്കളോട് അപേക്ഷിച്ച് ബിജെപി ദില്ലി അധ്യക്ഷന്‍ മനോജ് തിവാരി. വിദ്വേഷ പരാമര്‍ശങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്നും ആഭ്യന്തരമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തതിന് ശേഷം  മനോജ് തിവാരി നേതാക്കളോട് ആവശ്യപ്പെട്ടു. 

ദില്ലിയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ വേണ്ടതെല്ലാം ചെയ്യണമെന്ന് തിവാരി നേതാക്കളോട് ആവശ്യപ്പെട്ടു. ദില്ലിയിലെ സാധാരണക്കാരായ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മനപ്പൂര്‍വ്വമായി ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും മനോജ് തിവാരി അറിയിച്ചതായി ബിജെപി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. 

''പ്രതിഷേധത്തിനിടെ നടന്ന അക്രമസംഭവങ്ങള്‍ അസ്വസ്തമാക്കുന്നതാണ്. ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും സംസാരിക്കാനും സമാധാനപരമായി പ്രതിഷേധിക്കാനും അവകാശമുണ്ട്. എന്നാല്‍ പ്രകടനത്തിന്‍റെ പേരില്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ അവകാശമില്ല. '' - പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. 

ഞായറാഴ്ച ദില്ലിയിലെ മൗജ്പൂര്‍ ചൗക്കില്‍ സംഘടിപ്പിച്ച പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ചുകൊണ്ടുള്ള റാലിയില്‍ ബിജെപി നേതാവ് കപില്‍ മിശ്ര നടത്തിയ പ്രസംഗം വിദ്വേഷപരമായിരുന്നുവെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നടക്കം രാജ്യം മുഴുവന്‍ ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് മനോജ് തിവാരിയുടെ അപേക്ഷ. 

മാത്രമല്ല, കപില്‍ മിശ്രയുടെ പ്രസംഗത്തിന് പിന്നാലെ തിങ്കളാഴ്ച ദില്ലിയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം കലാപത്തിലെത്തി നില്‍ക്കുകയാണ്. മൂന്ന് ദിവസമായി ദില്ലി അതീവ സംഘര്‍ഷ മേഖലയായി തുടരുകയാണ്. 20 പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. 150 ലേറെ പേര്‍ക്ക് പരിക്കേറ്റു. 

പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ സമരം ചെയ്യുന്നവരെ ഒഴിപ്പിക്കാൻ മുന്നിട്ടിറങ്ങുമെന്നായിരുന്നു കപില്‍ മിശ്രയുടെ ഭീഷണി. കഴിഞ്ഞദിവസം പൗരത്വ നിയമത്തെ അനുകൂലിച്ച് റാലി നടത്തിയ കപില്‍ മിശ്രയുടെ സംഘം പ്രതിഷേധക്കാരുമായി ഏറ്റുമുട്ടിയിരുന്നു. 

'പൊലീസിന് ഞാന്‍ മൂന്ന് ദിവസത്തെ സമയം നൽകുകയാണ്. ആ ദിവസത്തിനുള്ളില്‍ പ്രതിഷേധക്കാരെ ഒഴിപ്പിക്കണം. ഇല്ലെങ്കിൽ ഞങ്ങള്‍ തന്നെ അതിന് മുന്നിട്ടിറങ്ങും. മൂന്ന് ദിവസം കഴിഞ്ഞാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിൽ നിന്ന് മടങ്ങിപ്പോകും. അതുവരെ ഞങ്ങള്‍ സംയമനം പാലിക്കും. അതിന് ശേഷം അനുനയ നീക്കവുമായി പൊലീസ് വരേണ്ടതില്ല. നിങ്ങള്‍ പറയുന്നത് കേള്‍ക്കാനുള്ള ബാധ്യത അപ്പോള്‍ ഞങ്ങള്‍ക്കുണ്ടാവില്ല'- കപില്‍ മിശ്ര പറഞ്ഞു.

സംഘര്‍ഷമുണ്ടാകുന്നതിന് മൂന്നു മണിക്കൂര്‍ മുന്‍പ്, ജനങ്ങളോട് സംഘടിച്ച് ജാഫ്രാബാദിന് മറുപടി നല്‍കാന്‍ കപില്‍ മിശ്ര ട്വീറ്റ് ചെയ്തിരുന്നു. ജാഫ്രാബാദിന് ഉത്തരം നൽകാൻ എല്ലാവരും ഒത്തുകൂടണമെന്നായിരുന്നു  കപിൽ മിശ്രയുടെ ട്വീറ്റ്. പൗരത്വ നിയമ ഭേദ​ഗതിയെ പിന്തുണച്ച് ഞങ്ങൾ എല്ലാവരും ഒത്തുകൂടുന്നു. നിങ്ങളെയും ക്ഷണിക്കുന്നു എന്നായിരുന്നു മിശ്രയുടെ ട്വീറ്റ്. ജഫ്രാബാദിനെ മറ്റൊരു ഷഹീൻബാ​ഗ് ആക്കി മാറ്റാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗം അംഗീകരിക്കാനാകില്ലെന്നും നടപടി വേണമെന്നും ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ടിരുന്നു. 

ദില്ലി തെരഞ്ഞെടുപ്പിനിടെ സ്ഥാനാര്‍ത്ഥിയായിരുന്ന കപില്‍ മിശ്ര നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. പ്രതിഷേധകര്‍ക്ക് നേരെ വെടിവയ്ക്കണമെന്നായിരുന്നു കപില്‍ മിശ്രയുടെ ആഹ്വാനം. ഇതിന് പിന്നാലെ ഉത്തര്‍പ്രദേശ് സ്വദേശിയായ 17 കാരന്‍ ദില്ലിയിലെ പ്രതിഷേധകര്‍ക്ക് നേരെ വെടിവച്ചിരുന്നു. പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളിലൊരാള്‍ക്ക് വെടിയേറ്റ് പരിക്കേറ്റിരുന്നു.