''പ്രിയപ്പെട്ട മോളെ, നിന്നെ കോടതി കേട്ടു. നീ അങ്കിൾ എന്ന് വിളിക്കുന്നയാളെ അയാൾക്ക് വയസ്സാകുന്നത് വരെ ജയിലിലിടാനാണ് നീ കോടതിയോട് പറഞ്ഞത്. കോടതി നിന്റെ ആവശ്യം അംഗീകരിച്ച് അതിനുള്ള മറുപടി നൽകിയിരിക്കുകയാണ്. നീ അങ്കിൾ എന്ന് വിളിക്കുന്നയാളെ ജീവിതകാലം മുഴുവൻ തടങ്കലിലടയ്ക്കാൻ കോടതി ഇന്ന് ഉത്തരവിട്ടിരിക്കുകയാണ്.
ന്യൂഡൽഹി: പീഡനത്തിനിരയായ പെൺകുട്ടിക്ക് ധൈര്യം പകർന്ന് വനിതാ ജഡ്ജിയുടെ കുറിപ്പ്. ഡൽഹി രോഹിണിയിലെ പോക്സോ കോടതി അഡീഷണൽ സെഷൻസ് ജഡ്ജിയായ രജനി രങ്കയാണ് പീഡനക്കേസിലെ വിധിന്യായത്തിനൊപ്പം പെൺകുട്ടിക്കായി കുറിപ്പും എഴുതിയത്. പെൺകുട്ടിക്ക് മനോധൈര്യവും പ്രോത്സാഹനവും നൽകുന്ന കുറിപ്പ് ഉടൻതന്നെ പെൺകുട്ടിക്ക് കൈമാറാൻ ഡൽഹി ഹൈക്കോടതി നിർദേശിച്ചു.
പീഡനക്കേസിൽ വിചാരണകോടതിയുടെ ശിക്ഷാവിധിക്കെതിരേ പ്രതി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി പരിഗണിക്കുന്നതിനിടെയാണ് കേസിലെ വിധിന്യായത്തിനൊപ്പം വിചാരണകോടതി ജഡ്ജിയായ രജനി അതിജീവിതയ്ക്കായി എഴുതിയ വ്യക്തിപരമായ സന്ദേശവും ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ഈ സന്ദേശം എത്രയുംപെട്ടെന്ന് പെൺകുട്ടിക്ക് എത്തിക്കാൻ ഹൈക്കോടതി നിർദേശം നൽകുകയായിരുന്നു.
2023-ൽ ഏഴുവയസ്സുള്ളപ്പോഴാണ് പെൺകുട്ടി പീഡനത്തിനിരയായത്. സുമിത് ശാക്യ എന്നയാളാണ് കേസിലെ പ്രതി. ജഡ്ജി രജനിയാണ് രോഹിണിയിലെ പോക്സോ കോടതിയിൽ കേസിന്റെ വാദംകേട്ട് ശിക്ഷ വിധിച്ചത്. പ്രതിക്ക് മരണം വരെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ. ഇതിനൊപ്പം 10.50 ലക്ഷം നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടിരുന്നു. പോക്സോ കേസിലെ വിധിന്യായത്തിനൊപ്പമാണ് കേസിലെ അതിജീവിതയായ പെൺകുട്ടിക്കുള്ള സന്ദേശമായി ജഡ്ജി മറ്റൊരു കുറിപ്പും എഴുതിയത്. അങ്കിൾ എന്ന് വിളിക്കുന്ന പ്രതിയെ അയാൾക്ക് വയസാകുന്നത് വരെ ജയിലിലടണമെന്ന് വിചാരണയ്ക്കിടെ പെൺകുട്ടി ജഡ്ജിയോട് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ് ജഡ്ജി വിധിന്യായത്തിനൊപ്പം തന്റെ കുറിപ്പും രേഖപ്പെടുത്തിയത്.
''പ്രിയപ്പെട്ട മോളെ, നിന്നെ കോടതി കേട്ടു. നീ അങ്കിൾ എന്ന് വിളിക്കുന്നയാളെ അയാൾക്ക് വയസ്സാകുന്നത് വരെ ജയിലിലിടാനാണ് നീ കോടതിയോട് പറഞ്ഞത്. കോടതി നിന്റെ ആവശ്യം അംഗീകരിച്ച് അതിനുള്ള മറുപടി നൽകിയിരിക്കുകയാണ്. നീ അങ്കിൾ എന്ന് വിളിക്കുന്നയാളെ ജീവിതകാലം മുഴുവൻ തടങ്കലിലടയ്ക്കാൻ കോടതി ഇന്ന് ഉത്തരവിട്ടിരിക്കുകയാണ്. അയാൾക്ക് ഇനി സ്വതന്ത്രമായി വിഹരിക്കാനാകില്ല. ഇനിയുള്ള കാലം അയാൾ തടവിലായിരിക്കും. ആ കൂട്ടിൽ കിടന്ന് അയാൾ വയസ്സാകും. ആ കൂട്ടിൽകിടന്ന് തന്നെ അയാൾ മരിക്കും. അയാൾക്ക് ഇനി നിന്നെയോ നിന്റെ സഹോദരിയെയോ മറ്റുകുട്ടികളെയോ ഉപദ്രവിക്കാൻ കഴിയില്ല. ഈ കോടതി കണ്ടതിൽ ഏറ്റവും ധൈര്യശാലിയായ പെൺകുട്ടിയാണ് നീ. നീ കോടതിയിൽ വന്ന് നിന്നെ ഉപദ്രവിച്ചയാളെ ചൂണ്ടിക്കാണിച്ച് നൽകി. നീ സത്യം പറഞ്ഞു. അങ്കിൾ എന്ന് വിളിക്കുന്നയാൾ നിന്നോട് ചെയ്തത് വളരെ മോശമായ കാര്യമാണ്. പക്ഷേ, നീ മൗനം പാലിച്ചില്ല. നീ നിന്റെ അമ്മയോട് പറഞ്ഞു. നീ അത് തുറന്നുപറയാനുള്ള ധൈര്യം കാണിച്ചു. അതുകൊണ്ട് അയാൾക്ക് ഇനി ഒരു കുട്ടിയെയും ഉപദ്രവിക്കാനാകില്ല. നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഒരിക്കലും ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്റെ വാക്കുകൾ കേട്ടുവെന്ന് കോടതിക്ക് ഉറപ്പുനൽകാനാകും. നിന്റെ ആവശ്യം കോടതി കേട്ടു. നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല. അയാൾക്ക് ഇനിയൊരിക്കലും സ്വതന്ത്രമായി വിഹരിക്കാനാകില്ല. മോളെ, ഇനി നീ നിന്റെ ജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ടുപോവുക. സ്കൂളിൽ പോകണം. അവിടെ കൂട്ടുകാരെയുണ്ടാക്കണം. ചിരിക്കണം. കളിക്കണം. സ്വപ്നം കാണണം. നിന്റെ ധൈര്യം ഈ കോടതി എന്നും ഓർമിക്കും'' എന്നായിരുന്നു ജഡ്ജിയുടെ കുറിപ്പ്.
കേസിൽ പ്രതിയുടെ അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് വിചാരണകോടതിയുടെ വിധിന്യായത്തിനൊപ്പം രേഖപ്പെടുത്തിയ ഈ കുറിപ്പ് ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഇപ്പോൾ പെൺകുട്ടിക്ക് പത്തുവയസ്സായെന്നും അതിനാൽ എത്രയുംവേഗം ഈ കുറിപ്പ് പ്രിന്റ് ചെയ്ത് അവൾക്ക് കൈമാറണമെന്നുമാണ് ഹൈക്കോടതി നിർദേശിച്ചത്. പെൺകുട്ടിക്ക് ധൈര്യം പകരുന്ന കുറിപ്പ് രണ്ടാഴ്ചയ്ക്കുള്ളിൽ കൈമാറണമെന്നായിരുന്നു കോടതിയുടെ നിർദേശം. ഇതിനൊപ്പം വിചാരണകോടതി ഉത്തരവിട്ട 10.50 ലക്ഷം രൂപയുടെ നഷ്ടപരിഹാരവും എത്രയും വേഗം നൽകാനും കോടതി നിർദേശിച്ചു. അതേസമയം, ശിക്ഷാവിധി മരവിപ്പിക്കണമെന്ന പ്രതിയുടെ ആവശ്യം അടിയന്തരമായി പരിഗണിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസിലെ ഫൊറൻസിക് തെളിവുകളടക്കം പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി. പ്രതിയുടെ ഹർജി ഇനി 2027 ജനുവരി 20-ന് വീണ്ടും പരിഗണിക്കും.


