ഡൽഹിയിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൻ്റെ ഭാഗമായുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഡിസംബർ 22-ലേക്ക് നീട്ടി. വോട്ടർമാർക്ക് പരാതികൾ നൽകാൻ കൂടുതൽ സമയം അനുവദിക്കണമെന്ന സുപ്രീം കോടതിയുടെ വാക്കാൽ നിർദ്ദേശത്തിന് പിന്നാലെയാണ് ഈ നടപടി. കരട് പട്ടികയിന്മേലുള്ള എതിർപ്പുകളും പരാതികളും ഡിസംബർ 15 വരെ പരിഹരിക്കുന്നതാണ്.
ഡൽഹി: ഡൽഹിയിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൻ്റെ ഭാഗമായുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഡിസംബർ 22-ലേക്ക് നീട്ടി. ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസറുടെ അപേക്ഷ പരിഗണിച്ചാണ് സമയക്രമത്തിൽ മാറ്റം വരുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കിയത്. 2026 ഡിസംബർ 22-ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. കരട് പട്ടികയിന്മേലുള്ള പരാതികളും എതിർപ്പുകളും ഡിസംബർ 15 വരെ പരിഹരിക്കും. നവംബർ 30 വരെയായിരുന്നു നേരത്തേ നിശ്ചയിച്ച സമയം.
വോട്ടർമാർക്ക് വിവരങ്ങൾ സമർപ്പിക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനും കൂടുതൽ സമയം അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി വാക്കാൽ നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹിയിലെ പുതുക്കിയ സമയം വ്യക്തമാക്കി ഇലക്ഷൻ കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ വർഷം ഓഗസ്റ്റ് 31-നാണ് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. 1960-ലെ രജിസ്ട്രേഷൻ ഓഫ് ഇലക്ട്രോഴ്സ് റൂൾസിലെ റൂൾ 12 അനുസരിച്ചുള്ള അധികാരം ഉപയോഗിച്ചാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഡൽഹി ഉൾപ്പെടെ 19 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് എസ്ഐആർ പ്രാവർത്തികമാക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ അണ്ടർ സെക്രട്ടറി സന്ദീപ് കുമാറും സെക്രട്ടറി പവൻ ദി വാനും ഒപ്പുവെച്ച ഉത്തരവുകൾ ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസർക്കും ചീഫ് സെക്രട്ടറിക്കും കൈമാറിയിട്ടുണ്ട്. മഹാരാഷ്ട്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ വോട്ടർപട്ടികയുടെ അന്തിമ പ്രസിദ്ധീകരണം നവംബർ 30-ലേക്ക് നീട്ടി.






