ദില്ലി: ലോക്ക്ഡൗണില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയതോടെ ദില്ലിയില്‍ സര്‍ക്കാര്‍ മദ്യവില്‍പ്പനകേന്ദ്രങ്ങള്‍ തുറന്നിരുന്നു. എന്നാല്‍  മദ്യവില്‍പ്പനകേന്ദ്രങ്ങളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടതോടെ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് ദില്ലി സര്‍ക്കാര്‍. തിരക്ക് പരിഹരിക്കാനായി മദ്യം വാങ്ങുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇ-ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തി.

ടോക്കണ്‍ ലഭിക്കാന്‍ ആദ്യം www.qtoken.in എന്ന വെബ്സൈറ്റില്‍ പേരും മൊബൈല്‍ നമ്പറും രജിസ്റ്റര്‍ ചെയ്യണം. ഇതോടെ മൊബൈല്‍ നമ്പറിലേക്ക് ടോക്കണ്‍ സന്ദേശമായി ലഭിക്കും. തുടര്‍ന്ന് ടോക്കണിലുള്ള സമയം അനുസരിച്ച് അടുത്തുള്ള മദ്യശാലയിലെത്തി എളുപ്പം മദ്യം വാങ്ങാം. ഇതുവഴി തിരക്ക് കുറയുമെന്നാണ് സര്‍ക്കാരിന്റെ  പ്രതീക്ഷ. കൂടാതെ ആളുകളെ നിയന്ത്രിക്കാന്‍ മാര്‍ഷല്‍മാരെയും നിയമിച്ചു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ബുധനാഴ്ച ഉത്തരവിറക്കി. 

സര്‍ക്കാരിന്റെ കീഴിലുള്ളവയില്‍ 172 മദ്യവില്‍പ്പനകേന്ദ്രങ്ങള്‍ക്ക് മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി. ആകെ 864 മദ്യശാലകളാണ്  നഗരത്തിലുള്ളത്. ഇവയില്‍ 475 എണ്ണം സര്‍ക്കാരിന് കീഴിലും ശേഷിക്കുന്ന 389 എണ്ണം സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുമാണ്. 

തിങ്കളാഴ്ച മുതല്‍ മദ്യക്കടകള്‍ വീണ്ടും തുറന്നതോടെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. സാമൂഹിക അകലം പാലിക്കാതെയാണ് ഭൂരിഭാഗംപേരും മദ്യം വാങ്ങാനായി ഇടിച്ച് കയറിയത്. ഇതോടെ പലയിടത്തും പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും കടകള്‍ അടപ്പിക്കുകയും ചെയ്തിരുന്നു.  അ തിരക്ക് കുറയ്ക്കാന്‍ മദ്യക്കടകളുടെ പ്രവര്‍ത്തനസമയം നീട്ടണമെന്നാണ് ദില്ലി പൊലീസിന്‍റെ ആവശ്യം.  നിലവില്‍, രാവിലെ  ഒമ്പതുമുതല്‍ രാത്രി ഏഴുവരെയാണ് പ്രവര്‍ത്തനം.