ദില്ലി: പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭത്തെ തുടര്‍ന്ന് ദില്ലിയിലുണ്ടായ അക്രമസംഭവങ്ങളില്‍ പ്രതിചേര്‍ത്ത ജാമിയ മിലിയ വിദ്യാര്‍ഥി ആസിഫ് ഇക്‌ബാല്‍ തന്‍ഹ മെയ് 31 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍. ഞായറാഴ്‌ചയാണ് തന്‍ഹയെ പൊലീസ് അറസ്റ്റ് ചെയ്തത് എന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്‌തു. 

ജാമിയ മിലിയ സര്‍വകലാശാലയിലെ മൂന്നാം വര്‍ഷം പേര്‍ഷ്യന്‍ ഭാഷാ വിദ്യാര്‍ഥിയായ തന്‍ഹ എസ്ഐഒയില്‍ സജീവ അംഗമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റിയിലെ സുപ്രധാന അംഗം കൂടിയായ തന്‍ഹ ദില്ലിയില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച പ്രധാനികളില്‍ ഒരാളാണ് എന്നാണ് പൊലീസ് ഭാഷ്യം. 

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭത്തിന്‍റെ ഗൂഢാലോചന കുറ്റം ആരോപിക്കപ്പെടുന്ന ഉമര്‍ ഖാലിദ്, ഷാര്‍ജില്‍ ഇമാം, മീരന്‍ ഹൈദര്‍, സഫൂറ സര്‍ഗാര്‍ എന്നിവരുടെ അടുത്തയാളാണ് തന്‍ഹ എന്നും പൊലീസ് പറയുന്നു. പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വടക്ക്-കിഴക്കന്‍ ദില്ലിയില്‍ നടന്ന സംഘട്ടനങ്ങളില്‍ 53 പേര്‍ കൊല്ലപ്പെട്ടിരുന്നു. 

ദില്ലി കലാപം: ഉമ‍ര്‍ ഖാലിദിനും രണ്ട് ജാമിയ വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ യുഎപിഎ എന്ന് റിപ്പോര്‍ട്ട്