ദില്ലി: ദില്ലി വര്‍ഗീയ കലാപത്തിനിടെ പൊലീസ് ദേശീയഗാനം പാടിച്ച യുവാവ് മരിച്ചു. പരിക്കേറ്റ് റോഡില്‍ കിടന്ന അഞ്ച് പേരെയാണ് പൊലീസ് നിര്‍ബന്ധിച്ച് ദേശീയഗാനം പാടിച്ചത്. ഇതില്‍ ഒരാളായ ഫൈസാന്‍(23) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ദേശീയഗാനം പാടിച്ച പൊലീസ് നടപടി വിവാദമായിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. പരിക്കേറ്റ ഫൈസാനെ ദില്ലി ജിടിബി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഫൈസാനടക്കമുള്ളവരെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ഫൈസാനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നും അടിയേറ്റ് കാലുകള്‍ തകര്‍ന്ന്, ശരീരം മുഴുവന്‍ നീലനിറമായെന്നും ബന്ധുക്കള്‍ പറഞ്ഞു. ആദ്യം റോഡിലിട്ടാണ് മര്‍ദ്ദിച്ചത്. പിന്നെ അവിടെനിന്ന് കൊണ്ടുപോയെന്നും ബന്ധുക്കള്‍ പറഞ്ഞു. കലാപം ബാധിച്ച നോര്‍ത്ത് ഈസ്റ്റ് ദില്ലിയിലെ കര്‍ദാംപുരി സ്വദേശിയാണ് ഫൈസാന്‍.

'ഫൈസാനെ അറിയുന്ന ഒരാള്‍ എന്നെ വിവരം അറിയിച്ചു. ആശുപത്രിയില്‍ നോക്കിയപ്പോള്‍ അവിടെയുണ്ടായിരുന്നില്ല. ജ്യോതികോളനിയിലെ പൊലീസ് സ്റ്റേഷനില്‍ പോയി ഫോട്ടോ കാണിച്ചപ്പോള്‍ അവിടെയുണ്ടെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ പുലര്‍ച്ചെ ഒരുമണിവരെ കാത്തിരുന്നിട്ടും കാണാന്‍ സമ്മതിച്ചില്ല. രണ്ട് പേരെ കൂട്ടി സ്റ്റേഷനിലെത്തിയപ്പോള്‍ ഞങ്ങളെയും ഭീഷണിപ്പെടുത്തി. രാത്രി 11 മണിയാപ്പോള്‍ അവന്‍റെ സ്ഥിതി മോശമാണെന്ന് പറഞ്ഞ് പൊലീസ് വിളിച്ചു. സമീപത്തെ ആശുപത്രിയില്‍ കാണിച്ചപ്പോള്‍ ഡോക്ടര്‍ അവനെ ജിടിബി ആശുപത്രിയിലേക്ക് മാറ്റി-ഫൈസാന്‍റെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഫൈസാന്‍റെ  രക്തസമ്മര്‍ദവും പള്‍സും കുറവായിരുന്നു. തലക്കും ആന്തരികാവയങ്ങള്‍ക്കും പരിക്കേറ്റിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു. ഫൈസാന്‍ പ്രതിഷേധത്തില്‍ പങ്കെടുത്തില്ലെന്നും പൊലീസ് അകാരണമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. വ്യാഴാഴ്ചയാണ് ഫൈസാന്‍ മരിച്ചത്.