അതി ശൈത്യമാണ് രാജ്യ തലസ്ഥാനത്ത്. അടുത്ത നാല് ദിവസം ശീതക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനമുണ്ട്.
ദില്ലി: അതി ശൈത്യത്തിന്‍റെ പിടിയിലകപ്പെട്ട് രാജ്യ തലസ്ഥാനം. 1997 ന് ശേഷമുണ്ടായ ഏറ്റവും ശക്തമായ ശൈത്യമാണ് ദില്ലിയിൽ അനുഭവപ്പെടുന്നച്. പത്ത് ദിവസം നേരത്തെ ആണ് ഇത്തവണ ശൈത്യം എത്തിയത്. താപനില അഞ്ച് ഡിഗ്രി സെൽഷ്യസിൽ താഴെയാണ്. അടുത്ത നാല് ദിവസം ശീതക്കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
21 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും തണുത്ത ഡിസംബറാണ് ഇത്തവണ ദില്ലിയിൽ. ഡിസംബര്‍ ഇരുപത്തഞ്ചിന് ശേഷമാണ് സാധാരണ ദില്ലിയിൽ ശൈത്യം എത്താറുള്ളതെങ്കിലും ഇത്തവണ പത്ത് ദിവസം നേരത്തെ തണുപ്പെത്തി. കഴിഞ്ഞ ദിവസം താപനില അഞ്ച് ഡിഗ്രിയിൽ താഴെയായിരുന്നു. തണുത്ത കാറ്റിനൊപ്പം കനത്ത മൂടൽ മഞ്ഞും കൂടിയായതോടെ ജനജീവിതം ദുസ്സഹമായ അസ്ഥയാണ് ഇപ്പോഴുള്ളത്.
തണുപ്പ് കഠിനമായതോടെ 221 ഷെൽട്ടര്‍ ഹോമുകൾ തുടങ്ങിയിട്ടുണ്ട്. ശരാശരി ഒമ്പതിനായിരത്തോളം പേരാണ് അഭയം തേടിയെത്തുന്നത്. ദില്ലിയിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിലും ശൈത്യം പിടിമുറുക്കിക്കഴിഞ്ഞു. ജനുവരി ആദ്യം മഴയെത്തുമെന്നും അതോടെ കൊടും തണുപ്പിന് കുറവുണ്ടാകുമെന്നുമാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.
