ദില്ലി: പൗരത്വ നിയമഭേദഗതിയുടെ പേരിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കും അതിനൊപ്പം നടന്ന അക്രമങ്ങൾക്കും കാരണം കോൺഗ്രസ് പരത്തുന്ന വ്യാജപ്രചാരണങ്ങളാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യതലസ്ഥാനത്ത് പോലും നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്നിൽ കോൺഗ്രസ് ആണെന്ന് അമിത് ഷാ ആരോപിച്ചു. അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ ജനം ഇവർക്ക് മറുപടി നൽകണം. അവരെ ഒരു പാഠം പഠിപ്പിക്കണം. അവർ ടുക്ഡേ - ടുക്ഡേ ഗ്യാംഗാണ് - അമിത് ഷാ പറഞ്ഞു. 

''പൗരത്വ നിയമഭേദഗതി പാർലമെന്‍റിൽ ചർച്ച ചെയ്തതാണ്. അന്നൊന്നും പ്രതിപക്ഷം പാർലമെന്‍റിൽ ഒന്നും പറഞ്ഞില്ല. പാർലമെന്‍റിൽ നിന്ന് പുറത്തേക്ക് പോയപ്പോഴാണ്, ഇവർ ബഹളം തുടങ്ങിയത്, ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ തുടങ്ങിയത്'', എന്ന് അമിത് ഷാ. 

''ഈ ടുക്ഡേ - ടുക്ഡേ ഗ്യാംഗിനെ ഒരു പാഠം പഠിപ്പിക്കാൻ സമയമായി. നഗരത്തിലെ അക്രമത്തിന് ഉത്തരവാദികൾ അവർ മാത്രമാണ്. ദില്ലിയിലെ ജനങ്ങൾ അവരെ ഇതിനൊരു പാഠം പഠിപ്പിക്കും'', അമിത് ഷാ.

ബിജെപിയും ആർഎസ്എസ്സുമുൾപ്പടെയുള്ള പരിവാർ സംഘടനകളും പാർട്ടികളും ബിജെപി വിരുദ്ധ പാർട്ടികളെ വിശേഷിപ്പിക്കുന്ന വാക്കാണ് 'ടുക്ഡേ - ടുക്ഡേ ഗ്യാംഗ്' എന്നത്.

ഞായറാഴ്ച ദില്ലിയിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും അക്രമങ്ങൾക്ക് പഴി പറഞ്ഞത് കോൺഗ്രസിനെത്തന്നെയാണ്. ''അർബൻ നക്സലുകളായ' ചില പ്രതിപക്ഷ പാർട്ടികളും കോൺഗ്രസും ചേർന്നാണ് ഇന്ത്യയിൽ തടങ്കൽ കേന്ദ്രങ്ങളുണ്ടെന്ന അപവാദ പ്രചാരണം നടത്തുന്നത്. ഇതിന്‍റെ പേരിൽ പ്രതിഷേധങ്ങളും അക്രമങ്ങളും അഴിച്ചുവിടുന്നത്. എന്നാൽ ഈ രാജ്യത്തെ മുസ്ലിങ്ങളാരെയും ഈ തടങ്കൽ കേന്ദ്രങ്ങളിലേക്ക് അയക്കില്ല. മാത്രമല്ല, ഇന്ത്യയിൽ തടങ്കൽ കേന്ദ്രങ്ങളുമില്ല. അത്തരത്തിൽ ഒരു നീക്കങ്ങളും നടത്തിയിട്ടില്ല. രാജ്യത്തെ മുസ്ലിങ്ങളെല്ലാം ഇന്ത്യയുടെ മക്കളാണ്. അവർ ആശങ്കപ്പെടേണ്ട കാര്യമേയില്ല'', എന്നാണ് രാംലീലാ മൈതാനിയിൽ നടത്തിയ പ്രസംഗത്തിൽ മോദി അവകാശപ്പെട്ടത്. 

അതോടൊപ്പം ''130 കോടി ഇന്ത്യക്കാരോട് ഞാനിതാ പറയുന്നു. 2014 മുതൽ ഇതുവരെ രാജ്യത്ത് ദേശവ്യാപകമായി എൻആർസി കൊണ്ടുവരുമെന്ന തരത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ല. സുപ്രീംകോടതിയുടെ വിധിപ്രകാരം മാത്രമാണ് അസമിൽ പൗരത്വ റജിസ്റ്റർ ഏർപ്പെടുത്തിയത്'', എന്നും മോദി പറഞ്ഞിരുന്നു.