മണ്ഡല പുനർനിർണയ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതോടെ പ്രതിപക്ഷമായ ഇന്ത്യാ സഖ്യത്തിൽ കടുത്ത ഭിന്നത. ഡി.എം.കെ, ബി.ആർ.എസ് അടക്കമുള്ള പാർട്ടികൾ ബില്ലിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചത് സർക്കാരിന് അനുകൂലമാകും. ബില്ലിനെ കോൺഗ്രസ് നേതൃത്വത്തിലുള്ള പാർട്ടികൾ ശക്തമായി എതിർക്കും.

ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബിൽ യാഥാർത്ഥ്യമാക്കാൻ കേന്ദ്ര സർക്കാർ നീക്കം ശക്തമാക്കിയതോടെ പ്രതിപക്ഷ നിരയായ ഇന്ത്യാ സഖ്യം കടുത്ത പ്രതിസന്ധിയിൽ. തിങ്കളാഴ്ച ചേരുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനുള്ള അനുമതി രാഷ്ട്രപതി നൽകി. ഡി.എം.കെ, എൻ.സി.പി ശരദ് പവാർ വിഭാഗം, ബി.ആർ.എസ് തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ ബില്ലിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതോടെ ഇന്ത്യാ സഖ്യത്തിൽ വിള്ളൽ വീണിരിക്കുകയാണ്.

മണ്ഡല പുനർനിർണയ ബിൽ യാഥാർത്ഥ്യമാക്കുമെന്നാണ് വനിതാ സംവരണത്തെ പ്രകീർത്തിക്കുന്നത് വഴി പ്രധാനമന്ത്രി വ്യക്തമാക്കുന്നത്. മണ്ഡല പുനർനിർണയം യാഥാർത്ഥ്യമായാൽ 2029-ഓടെ വനിതാ സംവരണം നടപ്പാക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം. പ്രതിപക്ഷ നിര പിളർന്ന് സർക്കാരിന്റെ അംഗബലം വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് വർഷകാല സമ്മേളനത്തിന്റെ തുടർച്ചയായി പ്രത്യേക സമ്മേളനം ചേരുന്നത്.

മൂന്ന് ബില്ലുകൾ അവതരിപ്പിക്കും; 12 മണിക്കൂർ ചർച്ച

മണ്ഡലങ്ങളുടെ അതിർത്തി നിർണയിക്കുന്ന വ്യവസ്ഥകളടങ്ങിയ ഭരണഘടനാ ഭേദഗതി ബിൽ, മണ്ഡല പുനർനിർണയ കമ്മീഷൻ രൂപീകരണ ബിൽ, കേന്ദ്രഭരണ പ്രദേശങ്ങൾക്കായുള്ള ബിൽ എന്നിങ്ങനെ മൂന്ന് ബില്ലുകളാകും തിങ്കളാഴ്ച നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ അവതരിപ്പിക്കുക. 12 മണിക്കൂർ വരെ ചർച്ച നീളും. വോട്ടെടുപ്പിനായി 5 മണിക്കൂറും നീക്കിവെച്ചു കഴിഞ്ഞു.

ഡി.എം.കെയുടെ 22 അംഗങ്ങളും ബില്ലിനെ പിന്തുണയ്ക്കും. ശരദ് പവാർ എൻ.സി.പിയുടെ 8 പേരും രാജ്യസഭയിൽ മൂന്ന് എം.പിമാരുള്ള ബി.ആർ.എസും ബില്ലിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആടിനിൽക്കുന്ന ജെ.എം.എമ്മും ഗോത്രവർഗ താല്പര്യത്തിനായി സർക്കാരിന് കൈകൊടുത്തേക്കും. പ്രതിപക്ഷ നിരയിൽ ഏതെങ്കിലും ഇരിപ്പിടങ്ങൾ ശൂന്യമായാലും അത് സർക്കാരിന് ബലം നൽകും.

എതിർക്കാൻ കോൺഗ്രസ്; സുധാകരന്റെയും മനീഷ് തിവാരിയുടെയും യാത്ര വെല്ലുവിളിയായി

കോൺഗ്രസ്, സി.പി.എം, സി.പി.ഐ, മുസ്ലീം ലീഗ്, ആർ.എസ്.പി, തൃണമൂൽ കോൺഗ്രസ്, ആർ.ജെ.ഡി തുടങ്ങിയ പാർട്ടികളുടെ എം.പിമാർ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിൽ ബില്ലിനെ എതിർക്കുമെന്ന് വ്യക്തമാക്കി. രാജ്യത്തെ ജനാധിപത്യത്തെ സർക്കാർ അസാന്മാർഗിക മാർഗത്തിലൂടെ അട്ടിമറിക്കുകയാണെന്ന് ഇന്ത്യാ സഖ്യം അപലപിച്ചു.

അതേസമയം, ഒരംഗത്തിന്റെ സാന്നിധ്യത്തിന് പോലും വലിയ വില കിട്ടുന്ന ദിനത്തിൽ കെ. സുധാകരന്റെയും മനീഷ് തിവാരിയുടെയും വിദേശയാത്രകൾ കോൺഗ്രസിന് കടുത്ത വെല്ലുവിളിയാകുകയാണ്. ചികിത്സയ്ക്കായി അമേരിക്കയിലേക്കെന്ന് പറഞ്ഞ് പുറപ്പെട്ട് ഇപ്പോൾ അബുദാബിയിലുള്ള കെ. സുധാകരൻ തിങ്കളാഴ്ച തിരികെ എത്തുമോയെന്നതിൽ അവ്യക്തത നിലനിൽക്കുകയാണ്. ജനീവയിലുള്ള മനീഷ് തിവാരി എം.പിയോടും നാളെ ഡൽഹിയിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.

എല്ലാ എം.പിമാർക്കും കോൺഗ്രസ് മൂന്ന് ലൈൻ വിപ്പ് നൽകിയിട്ടുണ്ട്. പാർട്ടി മുഖ്യമന്ത്രിമാർക്കും നാളെ ഡൽഹിയിലെത്താൻ നിർദ്ദേശമുണ്ട്. ബില്ലിനെ പരിചയപ്പെടുത്താനായി നാളെ ഡൽഹിയിലെത്താൻ ബി.ജെ.പിയും എം.പിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

രാഹുലിനോട് പകരം വീട്ടി സ്റ്റാലിൻ; പരിഹാസവുമായി ടി.വി.കെ

ബി.ജെ.പി വിരുദ്ധ പോരാട്ടങ്ങളുടെ മുഖമായിരുന്ന എം.കെ. സ്റ്റാലിൻ, മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണച്ചത് ഇന്ത്യാ സഖ്യത്തിന് കനത്ത പ്രഹരമായി. വിജയ്‌ക്കൊപ്പമുള്ള അധികാരത്തിനായി സ്റ്റാലിനെ കൈവിട്ട രാഹുൽ ഗാന്ധിയോട് പകരം വീട്ടാൻ ഡി.എം.കെയ്ക്ക് ഇതിലൂടെ കഴിഞ്ഞു. അതേസമയം, സ്റ്റാലിൻ 'സവർക്കർ 2.0' എന്ന പരിഹാസത്തിലൂടെ ടി.വി.കെ സഖ്യം തിരിച്ചടിക്കുകയാണ്.