ദില്ലി: നോട്ട് നിരോധനത്തിന്റെ നാലാം വാര്‍ഷികത്തില്‍ പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ബിജെപി. നോട്ട് നിരോധനം കള്ളപ്പണത്തിനെതിരായ അക്രമണം ആയിരുന്നുവെന്ന് ബിജെപി വക്താവ് രാജീവ് ചന്ദ്രശേഖര്‍ എംപി പറഞ്ഞു. സാമ്പത്തിക രംഗം ശുദ്ധികരിച്ചു, അസംഘടിത മേഖലയിലേക്ക് നേരിട്ട് സഹായം എത്തിക്കുന്ന സംവിധാനം ഉണ്ടായി. സര്‍ക്കാരിനു വലിയ വരുമാന വര്‍ദ്ധനയ്ക്ക് വഴി തുറന്നുവെന്നും ദില്ലിയില്‍ വാര്‍ത്താസമ്മേളനത്തില്‍ എംപി കൂട്ടിച്ചേര്‍ത്തു

2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 500, 1000 നോട്ടുകള്‍ നിരോധിച്ചതായി പ്രഖ്യാപിച്ചത്. നോട്ട് നിരോധനം രാജ്യത്തിന്റെ നന്മയ്ക്കായിരുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മോദിയുടെ സുഹൃത്തുക്കളെ സഹായിക്കുകയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയുമാണ് േേനാട്ട് നിരോധനം കൊണ്ടുണ്ടായതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഈ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.  

നോട്ട് നിരോധനത്തിന്റെ നാലാം വാര്‍ഷിക ദിനത്തില്‍ നോട്ട് നിരോധനത്തെ ന്യായീകരിച്ച് പ്രധാനമന്ത്രിയും രംഗത്തെത്തി. നോട്ട് നിരോധനം കാരണം രാജ്യത്ത് കള്ളപ്പണം കുറയ്ക്കാനായെന്ന് നരേന്ദ്ര മോദി പറഞ്ഞു. ദേശീയ പുരോഗതിക്കും സഹായകമായെന്നും നോട്ട് നിരോധനത്തിന്റെ നാലാം വാര്‍ഷിക ദിനത്തില്‍ മോദിയുടെ ട്വീറ്റ് ചെയ്തു. നികുതി നടപടികള്‍ സുതാര്യമാക്കാനും നോട്ടു നിരോധനം വഴിവച്ചെന്ന് മോദി കൂട്ടിച്ചേര്‍ത്തു.