അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഗവർണർക്ക് രാജിക്കത്ത് സമർപ്പിച്ചു. പുതിയ സർക്കാർ രൂപീകരിക്കുന്നതിന് മുന്നോടിയായാണ് രാജി. ബിജെപി സർക്കാർ രൂപീകരണത്തിനായി കേന്ദ്ര നിരീക്ഷകർ ഈ ആഴ്ച തന്നെ അസമിൽ എത്തും. 

ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യയ്ക്ക് രാജിക്കത്ത് സമർപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിൽ ബിജെപി സഖ്യം വൻ മുന്നേറ്റം നടത്തിയതിനെ തുടർന്നാണ് പുതിയ സർക്കാർ രൂപീകരിക്കുന്നതിനു മുന്നോടിയായി രാജിവെച്ചത്. ഗവർണറുടെ നിർദേശപ്രകാരം, പുതിയ സർക്കാർ രൂപീകരിക്കുംവരെ കാവൽ മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ തുടരും.

സർക്കാർ രൂപീകരണ ചർച്ചകൾക്ക് നേതൃത്വം നൽകാനായി ബിജെപി ദേശീയ നേതൃത്വം നിയോഗിച്ച നിരീക്ഷകരായ ജെപി നദ്ദ, നായബ് സിങ് സൈനി എന്നിവർ ഈ ആഴ്ച അവസാനത്തോടെ സംസ്ഥാനത്ത് എത്തും. മുഖ്യമന്ത്രിക്കസേരയിലേക്ക് ഹിമന്ത തന്നെ എത്താനാണ് സാധ്യതയേറുന്നത്. മെയ് 12ന് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് റിപ്പോർട്ട്. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ദേശീയ നേതാക്കൾ പങ്കെടുത്തേക്കും.

കേന്ദ്ര നിരീക്ഷകർ അടുത്ത നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുമെന്ന് രാജിക്കത്ത് സമർപ്പിച്ച ശേഷം ഹിമന്ത ബിശ്വ ശർമ മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭാ കക്ഷി യോഗത്തിൽ പുതിയ നേതാവിനെ തെരഞ്ഞെടുത്ത ശേഷം ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അസമിൽ തുടർച്ചയായ മൂന്നാംതവണ ആണ് ബിജെപി സഖ്യം ഭരണത്തിലേറുന്നത്. 126 അംഗ സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ബിജെപി മാത്രം 82 സീറ്റുകളിൽ വിജയിച്ചിരുന്നു. സഖ്യകക്ഷിയായ അസം ഗണ പരീഷത്ത് ഒൻപതു സീറ്റുകളിലും ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് 10 സീറ്റുകളിലും വിജയിച്ചു. കോൺഗ്രസിന് 19 സീറ്റുകളിലാണ് വിജയിക്കാനായത്. ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടും റായ്ജോർ ദളും രണ്ട് വീതം സീറ്റുകളിലും തൃണമൂൽ കോൺഗ്രസ് ഒരു സീറ്റിലും വിജയിച്ചു.