ദില്ലി: ദില്ലിയില്‍ ഡെങ്കിപ്പനി ബാധിച്ച് പന്ത്രണ്ട് വയസുകാരന്‍ മരിച്ചു. ഒരാഴ്ചക്കിടെ 32 പേര്‍ക്കാണ് ദില്ലിയില്‍ ഡെങ്കിപ്പനി ബാധിച്ചത്. അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. രാജ്യതലസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് 
ഡെങ്കിപ്പനിയും പടരുന്നത്.

രാജ്യത്ത് 24,337 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് രോഗം ബാധിച്ചതായാണ് ഇന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചത്. ഇതോടെ ആകെ രോഗികള്‍ 1,00,55,560 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 333 പേരാണ് മരിച്ചത്. ആകെ മരണം 1,45,810 ലേക്കെത്തി. 9,606,111 പേര്‍ രോഗമുക്തി നേടി.

അതേസമയം രാജ്യത്ത് ജനുവരിയില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. അടിയന്തര ഉപയോഗത്തിനുള്ള അനുമതിതേടി സിറം, ഭാരത് ബയോടെക്, ഫൈസര്‍ കമ്പനികള്‍ എന്നിവര്‍ നല്‍കിയ അപേക്ഷയില്‍ വിദഗ്ധ സമിതി ഉടന്‍ തീരുമാനമെടുത്തേക്കും.