താനെ: ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതോടെ ഗര്‍ഭിണിയായ യുവതി ഓട്ടോയില്‍ വച്ച് മരിച്ചു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ചികിത്സ നിഷേധിച്ച മൂന്ന് ആശുപത്രികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി മുംബ്ര പൊലീസ് അറിയിച്ചു. വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. മെയ് 25 അര്‍ദ്ധ രാത്രിയിലാണ് സംഭവം.

കടുത്ത വേദന അനുഭവപ്പെട്ടതോടെയാണ് അസ്മ മെഹന്ദി (26) എന്ന യുവതിയെ ബന്ധം ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, മൂന്ന് ആശുപത്രികളില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും എവിടെയും അഡ്മിറ്റ് ചെയ്യാന്‍ തയാറായില്ല. ആദ്യം ബിലാല്‍ ആശുപത്രിയിലാണ് പോയത്. ഇവിടെ ചികിത്സ നിഷേധിച്ചതോടെ പ്രൈം ക്രിറ്റികെയറിലേക്ക് പോയി.

അവിടെയും മുമ്പത്തെ അവസ്ഥ ആവര്‍ത്തിച്ചു. ഇതിന് ശേഷം യൂണിവേഴ്സല്‍ ആശുപത്രിയിലേക്ക് പോയെങ്കിലും ഫലം മറ്റൊന്നായില്ല. ആശുപത്രികളില്‍ കയറിയിറങ്ങുന്നതിനിടെ ഓട്ടോറിക്ഷയില്‍ വച്ച് അസ്മ മരിച്ചു. ഇതോടെ മുംബ്ര പൊലീസ് സ്റ്റേഷനിലെത്തി ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു.

ബിജെപി നേതാവ് രാം കഥം സംഭവത്തിന്‍റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഞെട്ടിക്കുന്നത് എന്ന് കുറിച്ച വീഡിയോയില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് രാം ഉന്നയിച്ചത്. മഹാരാഷ്ട്ര സര്‍ക്കാര്‍ പൂര്‍ണപരാജയമാണെന്നും അദ്ദേഹം ആരോപിച്ചു.