ലഖ്നൗ: രാജ്യത്തെ ഏറെനേരം മുള്‍മുനയിലാക്കി 23 കുട്ടികളെ ബന്ദിയാക്കിയ കൊലക്കേസ് പ്രതി ജില്ലാ മജിസ്ട്രേറ്റിന് തന്‍റെ പരാതികള്‍ ഉന്നയിച്ച് അയച്ച കത്ത് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. തനിക്ക് വീടും കക്കൂസും നിരസിച്ചുവെന്ന് കത്തില്‍ പറയുന്നു. വീടിനും കക്കൂസിനുമായി നിരവധി തവണ അധികൃതരെ സമീപിച്ചു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമാണ് വീടിന് അപേക്ഷിച്ചത്. സ്വച്ഛ് ഭാരത് മിഷന്‍ വഴി കക്കൂസിനും അപേക്ഷിച്ചു. എന്നാല്‍, തന്‍റെ അപേക്ഷ ഉദ്യോഗസ്ഥര്‍ പരിഗണിച്ചില്ലെന്നും സുഭാഷ് കത്തില്‍ ആരോപിച്ചു. ന്യൂസ് 18 ആണ് കത്തിന്‍റെ ഉള്ളടക്കം പുറത്തുവിട്ടത്. സുഭാഷിന്‍റെ പരാതി അന്വേഷിക്കാന്‍ മജിസ്ട്രേറ്റ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

ഉത്തർപ്രദേശിലെ ഫറൂഖാബാദിലെ വീട്ടിലാണ് കൊലക്കേസ് പ്രതിയായ സുഭാഷ് 23 കുട്ടികളെ  ബന്ദികളാക്കിയത്. അനുനയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് എട്ട് മണിക്കൂർ നീണ്ട ഓപ്പറേഷനിലൂടെയാണ് പൊലീസും ഭീകര വിരുദ്ധ സേനയും ചേർന്ന് സുഭാഷിനെ വധിച്ച് കുട്ടികളെ രക്ഷപ്പെടുത്തിയത്. 10 മണിക്കൂറിൽ അധികമാണ് പ്രതി സുഭാഷ് കുട്ടികളെ തോക്കിൻ മുനയിൽ നിർത്തിയത്. തോക്കും ഗ്രനേഡും ഉൾപ്പടെയുള്ള ആയുധങ്ങൾ കൈവശം ഉണ്ടായിരുന്ന ഇയാളെ അനുനയിപ്പിക്കാൻ ഉള്ള ശ്രമങ്ങളാണ് പൊലീസ് ആദ്യം നടത്തിയത്. എന്നാലിത് പരാജയപ്പെട്ടതോടെ  പ്രത്യേക ഓപ്പറേഷനിലൂടെ പ്രതിയെ കൊലപ്പെടുത്തുകയായിരുന്നു. ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ ഇയാളുടെ ഭാര്യയും കൊല്ലപ്പെട്ടു. 

ഒരു കൊലക്കേസിൽ  ജീവപര്യന്തം തടവിന് ശിക്ഷിച്ച സുഭാഷ് ബാഥം അടുത്തിടെയാണ് പരോളിൽ ഇറങ്ങിയത്. കഴിഞ്ഞ ദിവസം മകളുടെപിറന്നാൾ ആഘോഷത്തിനായി സമീപത്തുള്ള കുട്ടികളെ ഇയാൾ വീട്ടിലേക്ക് ക്ഷണിച്ചു. തുടർന്ന് വീട്ടിൽ എത്തിയ കുട്ടികളെ തോക്കിന്‍ മുനയില്‍ നിർത്തി ബന്ദികളാക്കി. വീടിന് പുറത്ത് തടിച്ച് കൂടിയവർക്ക് എതിരെയും സുഭാഷ് ബഥം വെടിയുതിർത്തിരുന്നു. ഇയാള്‍ വലിയ മാനസിക സംഘർഷം അനുഭവിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.