Asianet News MalayalamAsianet News Malayalam

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യൂനമർദ്ദമായി; നാളെയോടെ യാസ് ചുഴലിക്കാറ്റായി മാറും, ബുധനാഴ്ച കരതൊടും

മെയ്‌ 26 ന് വൈകുന്നേരം വടക്കൻ ഒഡിഷ- പശ്ചിമ ബംഗാൾ തീരത്ത് എത്തി പാരദ്വീപിനും സാഗർ ദ്വീപിനും ഇടയിൽ  കരയിൽ പ്രവേശിക്കാൻ സാധ്യത.

depression in bengal sea turned  deep depression
Author
Delhi, First Published May 23, 2021, 3:02 PM IST

ദില്ലി: ബംഗാൾ ഉൾക്കടലില്‍ രൂപപ്പെട്ട ന്യുനമർദ്ദം തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ രാവിലെയോടെ  'യാസ്' ചുഴലിക്കാറ്റായി മാറും.  മെയ്‌ 26 ന് വൈകുന്നേരം വടക്കൻ ഒഡിഷ- പശ്ചിമ ബംഗാൾ തീരത്ത് എത്തി പാരദ്വീപിനും സാഗർ  ദ്വീപിനും ഇടയിൽ  കരയിൽ പ്രവേശിക്കാൻ സാധ്യത.

യാസ് ചുഴലിക്കാറ്റ് തീരം തൊടാനിടയുള്ള ഒഢീഷ, പശ്ചിമബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ സ്ഥിതി പ്രധാനമന്ത്രി വിലയിരുത്തി. കിഴക്കൻ തീരങ്ങളിലെ സംസ്ഥാനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം കേന്ദ്രം നൽകി. മുംബൈ ബാർജ് അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ തീരത്ത് നിന്നും അകലെ ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു.

പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ  ടെലികോം, ഊർജ്ജം, റെയിൽവേ , ഭൗമശാസ്ത്ര മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും ദുരന്തനിവാരണ സേന ഡിജിയും പങ്കെടുത്തു. തീരങ്ങളിൽ ഇതുവരെ സ്വീകരിച്ച നടപടികളും, തുടർപ്രവർത്തനങ്ങളും പ്രധാനമന്ത്രി വിലയിരുത്തി. ഏത് അടിയന്തരസാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പിന്  പ്രധാനമന്ത്രി നിർദ്ദേശം നൽകി. 

ചുഴലിക്കാറ്റ് തീരം തൊടുന്ന ഇടങ്ങളിലേക്ക് സൈന്യം കൂടുതൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതടക്കം നടപടികൾ പുരോഗമിക്കുകയാണ്. ദുരന്തനിവാരണ സേനയുടെ  85 സംഘങ്ങളെ പലയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. നാവിക സേനയുടെ നാല് കപ്പലുകൾക്ക് രക്ഷപ്രവർത്തനത്തിന് തയ്യാറായിരിക്കാൻ നിർദ്ദേശം നല്‍കി. കോസ്റ്റ് ഗാർഡിന്‍റെ നേത്യത്വത്തിലും പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 

ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ബാംഗാൾ ഉൾക്കടലിൽ മീൻപിടുത്തം നിരോധിച്ചു.  കോസ്റ്റ് റെയിൽ‌വേ മേഖലയിൽ  10 സ്പെഷൽ ട്രെയിനുകൾ റദ്ദാക്കി. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാന‍ർജി, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവരും സ്ഥിതിഗതികൾ വിലയിരുത്തി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios