ദില്ലി: ഇന്ത്യയില്‍ കഴിഞ്ഞ അഞ്ച് ദിവസമായി നടത്തിയ കൊവിഡ് 19 പരിശോധനകളുടെ കണക്ക് പുറത്ത് വിട്ട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ഐസിഎംആര്‍). കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ പ്രതിദിനം ശരാശരി 15,747 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐസിഎംആര്‍ അറിയിച്ചു.

അതില്‍ പ്രതിദിനം 584 പേരാണ് കൊവിഡ് പൊസിറ്റീവ് ആയത്. ഇതുവരെ 1,86,906 പേരുടെ സാമ്പിളുകളാണ് ഇന്ത്യയില്‍ പരിശോധന നടത്തിയതെന്നും ഐസിഎംആര്‍ വ്യക്തമാക്കി. അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 909 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 34 പേരാണ് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണപ്പെട്ടത്.

ഇന്ത്യയില്‍ കൊവിഡ് സ്ഥിരീച്ചവരുടെ എണ്ണം 8,356 ആയിട്ടുണ്ട്. ഇതില്‍ 20 ശതമാനം പേരാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്. ഇതിനിടെ കൊവിഡ് തീവ്രബാധിത മേഖലകളില്‍ അവശ്യവസ്തുക്കള്‍ ജനങ്ങളുടെ വീട്ടിലെത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അവശ്യവസ്തുക്കള്‍ക്ക് രാജ്യത്ത് ക്ഷാമമില്ല.

219 കൊവിഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ രാജ്യത്ത് സജ്ജമാണ്. കൂടുതല്‍ വെന്റിലേറ്ററുകള്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ക്ക് കൂടുതല്‍ കിടക്കകള്‍ അനുവദിക്കും. സൈനിക ആശുപത്രികളും സജ്ജമാക്കും. കൊവിഡിനെതിരായ വാക്സിന്‍ വികസിപ്പിക്കുന്നത് പുരോഗമിക്കുകയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.