Asianet News MalayalamAsianet News Malayalam

20 സംസ്ഥാനങ്ങളില്‍ സാന്നിധ്യം, 2000 കോടി വിറ്റുവരവ്; ആരാണ് തെരുവുനായ ആക്രമണത്തില്‍ മരിച്ച പരാഗ് ദേശായി?

വാഗ് ബക്രി ടീ ഗ്രൂപ്പിനെ ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ് അന്തരിച്ച പരാഗ് ദേശായി.

details of Parag Desai and wagh bakri tea group joy
Author
First Published Oct 23, 2023, 2:42 PM IST

ദില്ലി: രാജ്യത്തെ പ്രമുഖ ബ്രാന്‍ഡുകളിലൊന്നായി വാഗ് ബക്രി ടീ ഗ്രൂപ്പിനെ ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ് അന്തരിച്ച പരാഗ് ദേശായി. വാഗ് ബക്രി ടീ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന പരാഗ് ദേശായിക്ക്, 30 വര്‍ഷത്തിലധികം സംരംഭകത്വ പരിചയവുമുണ്ടായിരുന്നു. കമ്പനിയുടെ ഇന്റര്‍നാഷണല്‍ ബിസിനസ്, സെയില്‍സ്, മാര്‍ക്കറ്റിംഗ് എന്നിവയ്ക്ക് നേതൃത്വം നല്‍കിയിരുന്നതും 49കാരനായ പരാഗ് ദേശായിയാണ്. 

20 സംസ്ഥാനങ്ങളില്‍ സാന്നിധ്യമുള്ള കമ്പനിയാണ് വാഗ് ബക്രി ഗ്രൂപ്പ്. ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ദില്ലി, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, ചത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ്, ചണ്ഡിഗഢ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, തമിഴ്‌നാട്, പഞ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. 1892ല്‍ നരേന്‍ദാസ് ദേശായിയാണ് കമ്പനി ആരംഭിച്ചത്. ഇന്നതിന് 2000 കോടിയുടെ വിറ്റുവരവാണുള്ളത്. യുഎസിലെ ലോഗ് ഐലന്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎ നേടിയ പരാഗ് ദേശായിയായിരുന്നു കമ്പനിയെ മുന്നോട്ട് നയിച്ചിരുന്നത്. 

തെരുവ് നായ ആക്രമണത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന പരാഗ് ദേശായി ഇന്ന് രാവിലെയാണ് അന്തരിച്ചത്. ഒക്ടോബര്‍ 15നാണ് ദേശായിക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായത്. പ്രഭാത നടത്തത്തിന് ഇറങ്ങിയപ്പോള്‍ വസതിക്ക് പുറത്തു വച്ചാണ് പരാഗ് ദേശായി തെരുവ് നായ്ക്കളുടെ ആക്രമണം നേരിട്ടത്. നായ്ക്കളെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ ഗുരുതര പരുക്കേറ്റ ദേശായിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെ മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്നാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. ഭാര്യ വിദിഷ. മകള്‍ പരിഷ.

13 സബ്സിഡി ഇനങ്ങളുടെ വില ഉടൻ കൂട്ടണമെന്ന് സപ്ലൈകോ,മുഖ്യമന്ത്രിക്ക് കത്ത് കൈമാറി 
 

Follow Us:
Download App:
  • android
  • ios