വ്യത്യസ്തതകൾ ഏറെയുള്ള ആ ആഘോഷക്കാലം ധോർദോ എന്ന വിദൂര ഗ്രാമത്തിന് ഇന്ന് നൽകുന്നത് അന്താരാഷ്ട്ര ഖ്യാതിയാണ്
കച്ച്: കാഴ്ചാനുഭവത്തിന്‍റെയും ആഘോഷത്തിന്‍റെയും വ്യത്യസ്ത അനുഭവം തീർത്ത് ഗുജറാത്തിൽ രൻ ഉത്സവം. വ്യത്യസ്തതകൾ ഏറെയുള്ള ആ ആഘോഷക്കാലം ധോർദോ എന്ന വിദൂര ഗ്രാമത്തിന് ഇന്ന് നൽകുന്നത് അന്താരാഷ്ട്ര ഖ്യാതിയാണ്. വേൾഡ് ടൂറിസം ഓർഗനൈസേഷൻ ഈ വർഷം തെരഞ്ഞെടുത്ത 54 മികച്ച വിനോദസഞ്ചാര ഗ്രാമങ്ങളിൽ ഒന്നാണ് ധോർദോ.
ഗുജറാത്തിലെ കച്ച് ജില്ലയിൽ പാക് അതിർത്തിയോട് ചേർന്ന് വ്യാപിച്ചു കിടക്കുന്ന ഉപ്പ് ചതുപ്പുകളുടെ ഒരു വലിയ പ്രദേശമാണ് റാൻ ഓഫ് കച്ച്. അറബിക്കടലിന്‍റെ ആഴം കുറഞ്ഞ ഒരു ഭാഗമായിരുന്നിടത്ത് കാലങ്ങൾ കൊണ്ട് ഭൗമമാറ്റങ്ങൾ സംഭവിച്ച് കടൽ വറ്റിപ്പോവുകയും ഉപ്പ് ചതുപ്പ് ബാക്കിയാവുകയും ചെയ്തു. റാൻ എന്നാൽ മരുഭൂമി എന്നാണ് അർത്ഥം.
എല്ലാ വർഷവും നവംബർ മുതൽ ഫെബ്രുവരി വരെ നാല് മാസം നീണ്ടു നിൽക്കുന്നതാണ് രൻ ഉത്സവ്. കച്ചിന്‍റെ തനത് കല, സാംസ്കാരിക പൈതൃകങ്ങൾ കോർത്തിണക്കിയുള്ള ആഘോഷമാണ്. നാടൻ പാട്ടും നൃത്തവും അതുല്യ കരകൗശല കാഴ്ചകളുമൊക്കെ ആസ്വദിക്കാൻ ലോകമമ്പാട് നിന്നും സഞ്ചാരികളെത്തുന്ന സമയം.
ഒട്ടക സവാരി മുതൽ ടെന്‍റുകളിലെ താമസം വരെ ആകർഷണങ്ങൾ പട്ടിക പലതുണ്ട്. പല തരം ശ്രേണിയിൽപ്പെട്ട ടെന്‍റുകളുടെ സാന്നിധ്യം കൊണ്ട് ടെന്‍റ് സിറ്റി എന്നും ധോർദോയ്ക്ക് വിളിപ്പേരുണ്ട്. സഞ്ചാരവഴിയിൽ മഞ്ഞും മലയും പച്ചപ്പും ഒക്കെ കണ്ട് ഒരു ചേഞ്ച് ആഗ്രഹിക്കുന്നവർ ധോർദോയിലേക്ക് വരിക.

