ദില്ലി: പൈലറ്റുമാരും വിമാനത്തിലെ മറ്റ് ജീവനക്കാരും മദ്യം ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനുള്ള പരിശോധന പുനരാരംഭിക്കാൻ ഡിജിസിഎയുടെ ഉത്തരവ്. കൊവിഡ് വ്യാപനം മൂലം വിമാനയാത്രക്ക് തൊട്ടുമുന്പുള്ള ബ്രെത്ത് അനലൈസർ ടെസ്റ്റ് മാർച്ച് 29 മുതൽ നിർത്തി വച്ചിരിക്കുകയായിരുന്നു. പൈറ്റുമാരും ജീവനക്കാരും മദ്യപിച്ചിട്ടില്ലെന്ന് കാട്ടി സത്യവാങ്മൂലം നൽകുകയാണ് ചെയ്തിരുന്നത്. സത്യവാങ്മൂലം വ്യാജമെന്ന് തെളിഞ്ഞാൽ ലൈസൻസ് മൂന്ന് വർഷം വരെ സസ്പെൻഡ് ചെയ്യുമെന്നായിരുന്നു വ്യവസ്ഥ. 

മഹാമാരിയുടെ സാഹചര്യത്തില്‍ ബ്രെത്ത് അനലൈസർ ടെസ്റ്റ് നിര്‍ത്തി വയ്ക്കാന്‍ ദില്ലി, കേരള ഹൈക്കോടതികളാണ് നിര്‍ദ്ദേശിച്ചത്. ഇതിനെ തുടര്‍ന്നായിരുന്നു പരിശോധന നിര്‍ത്തിവച്ച് കൊണ്ട് ഡിജിസിഎ ഉത്തരവിറക്കിയത്. മാര്‍ച്ച് 29ന് ഇറക്കിയ ഈ ഉത്തരവില്‍ ഭാഗികമായ മാറ്റമാണ് ഡിജിസിഎ വരുത്തിയിരിക്കുന്നത്. അന്തര്‍ദേശീയ വിമാനസര്‍വ്വീസുകളിലെ പൈലറ്റുമാര്‍ക്ക് പരിശോധനയുണ്ടാവും. മാര്‍ച്ച് 29ന് പുറത്തിറക്കിയ ഉത്തരവില്‍ വിമാന സര്‍വ്വീസുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് സത്യവാങ്മൂലം നല്‍കിയാല്‍ മതിയായിരുന്നു.