Asianet News MalayalamAsianet News Malayalam

ബോംബെറിഞ്ഞത് ഒന്നിൽ കൂടുതൽ പേരെന്ന വാദം തെറ്റ്; തമിഴ്നാട് ​ഗവർണറുടെ ആരോപണം തള്ളി ഡിജിപി

ഒരാൾ മാത്രമാണ് രാജ്ഭവന് മുന്നിലെത്തിയതെന്നും സുരക്ഷ ഉദ്യോ​ഗസ്ഥരുടെ ജാ​ഗ്രതയെ തുടർന്ന് പ്രതിയെ ഉടൻ തന്നെ പിടിക്കാൻ സാധിച്ചെന്നും ഡിജിപി വ്യക്തമാക്കി. 

DGP rejects Tamil Nadu Governors allegation on petrol bomb attack to rajbhavan sts
Author
First Published Oct 26, 2023, 9:30 PM IST

ചെന്നൈ: തമിഴ്നാട്ടിൽ രാജ്ഭവന് നേരെ പെട്രോൾ ബോംബെറിഞ്ഞ സംഭവത്തിൽ തമിഴ്നാട് ​ഗവർണറുടെ ആരോപണം തള്ളി ഡിജിപി. ഒന്നിൽ കൂടുതൽ പേരാണ് ബോംബ് എറിഞ്ഞതെന്ന വാദം തെറ്റാണെന്ന് ഡിജിപി പറഞ്ഞു. ഒരാൾ മാത്രമാണ് രാജ്ഭവന് മുന്നിലെത്തിയതെന്നും സുരക്ഷ ഉദ്യോ​ഗസ്ഥരുടെ ജാ​ഗ്രതയെ തുടർന്ന് പ്രതിയെ ഉടൻ തന്നെ പിടിക്കാൻ സാധിച്ചെന്നും ഡിജിപി വ്യക്തമാക്കി. ​ഗവർണർക്കെതിരെ കരിങ്കൊടി കാണിച്ച 73 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഗവർണർക്ക് മതിയായ സുരക്ഷ നൽകുന്നുണ്ടെന്നും ഡിജിപി വ്യക്തമാക്കി. കോൺസ്റ്റബിളിന്റെ പരാതിയിൽ വൈകിട്ട് അഞ്ചിന് തന്നെ കേസെടുത്തിരുന്നു. എന്നാൽ  രാജ്ഭവൻ പരാതി നൽകിയത് രാത്രി 10:15നാണെന്നും ‍ഡിജിപി പറഞ്ഞു. 

ഇന്നലെയാണ് തമിഴ്‌നാട്ടിൽ ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലേക്ക് ബോംബെറിഞ്ഞത്. രാജ്‌ഭവന്റെ പ്രധാന ഗേറ്റിലേക്കാണ് പെട്രോൾ ബോംബ് എറിഞ്ഞത്. സംഭവത്തിൽ കറുക്ക വിനോദ് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിന് ശേഷം ഇരുചക്ര വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സുരക്ഷാ ജീവനക്കാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതി തമിഴ്നാട് ഗവർണർ ആർഎൻ രവിക്കെതിരെ മുദ്രാവാക്യം വിളിച്ചു. നീറ്റ് വിരുദ്ധ ബില്ലിൽ ഒപ്പിടാത്തത്തിലുള്ള പ്രതിഷേധമാണ് തന്റെ ആക്രമണത്തിന് കാരണമെന്നാണ് വിനോദ് പൊലീസിനോട് പറഞ്ഞത്.

മുൻപ് തമിഴ്‌നാട്ടിൽ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കും ഇയാൾ ബോംബ് എറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ സംസ്ഥാനം ഭരിക്കുന്ന ഡിഎംകെ സർക്കാരിനെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തി. രാജ്ഭവനെതിരെ ബോംബേറ് സ്പോൺസർ ചെയ്തെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ കുറ്റപ്പെടുത്തി. സംസ്ഥാനം ഗുണ്ടകളുടെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം വിമർശിച്ചു.

തമിഴ്‌നാട് ഗവർണറുടെ ഔദ്യോഗിക വസതിക്ക് നേരെ ആക്രമണം; രാജ്‌ഭവനിലേക്ക് പെട്രോൾ ബോംബെറിഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios