Asianet News MalayalamAsianet News Malayalam

കച്ചവടമില്ല, പണമില്ല, ഭക്ഷണമില്ല; ജനിച്ച നാട്ടിലേക്ക് 1200 കിലോമീറ്റര്‍ നടന്ന് ഭിന്നശേഷിക്കാരനായ യുവാവ്

ലോക്ക്ഡൌണിന് പിന്നാലെ കട അടയ്ക്കേണ്ടി വന്നു. വരുമാനം ഇല്ലാതെ കയ്യിലുണ്ടായിരുന്ന പണം ചെലവിട്ട് കുറച്ച് ദിവസം പിടിച്ച് നിന്നു. എന്നാല്‍ പട്ടിണിയായതോടെയാണ് നാട്ടിലേക്ക് മടങ്ങാന്‍ അജയ് കുമാര്‍ തീരുമാനിച്ചത്. വീട്ടിലേക്കുള്ള 1200 കിലോമീറ്ററോളം ദൂരം നടന്നുപോവുകയല്ലാതെ വേറെ മാര്‍ഗമില്ലെന്ന് അജയ് കുമാര്‍

differently abled youth walks 1200 kilometres to reach home from mumbai to madhya pradesh
Author
Navi Mumbai, First Published May 10, 2020, 10:44 AM IST

മുംബൈ: ഭക്ഷണവും പണവുമില്ല ജന്മനാട്ടിലേക്ക് കാല്‍നടയായി മടങ്ങി ഭിന്നശേഷിക്കാരനായ കുടിയേറ്റ തൊഴിലാളി. മുംബൈയില്‍ നിന്ന് മധ്യപ്രദേശിലെ വീട്ടിലേക്ക് 1200 കിലോമീറ്ററാണ് ഭിന്നശേഷിക്കാരനായ ഈ മുപ്പതുകാരന്‍ നടക്കുന്നത്. വലത് കാല്‍ ചെറിയ പ്രായത്തില്‍ പോളിയോ ബാധിച്ച് തളര്‍ന്നതോടെ വടിയുടെ സഹായത്തോടെയാണ് അജയ് കുമാര്‍ സാകേത് നടക്കുന്നത്. 

മധ്യപ്രദേശിലെ ഷെഡോല്‍ സ്വദേശിയാണ് അജയ് കുമാര്‍. നവിമുംബൈയില്‍ തര്‍ബിയില്‍ ചെറിയ കട നടത്തിയായിരുന്നു അജയ് കുമാര്‍ ഉപജീവനം നടത്തിയിരുന്നത്. ലോക്ക്ഡൌണിന് പിന്നാലെ കട അടയ്ക്കേണ്ടി വന്നു. വരുമാനം ഇല്ലാതെ കയ്യിലുണ്ടായിരുന്ന പണം ചെലവിട്ട് കുറച്ച് ദിവസം പിടിച്ച് നിന്നു. എന്നാല്‍ പട്ടിണിയായതോടെയാണ് നാട്ടിലേക്ക് മടങ്ങാന്‍ അജയ് കുമാര്‍ തീരുമാനിച്ചത്. വീട്ടിലേക്കുള്ള 1200 കിലോമീറ്ററോളം ദൂരം നടന്നുപോവുകയല്ലാതെ വേറെ മാര്‍ഗമില്ലെന്ന് അജയ് കുമാര്‍ ഇന്ത്യ ടുഡേയോട് പറയുന്നു. 

ഭക്ഷണം വാങ്ങാന്‍ പണമില്ല, പട്ടിണിയാണ് ഇനി ഇവിടെ നില്‍ക്കാന്‍ ഒരുവഴിയുമില്ലെന്ന് അജയ് കുമാര്‍ പറയുന്നു. മധ്യപ്രദേശിലേക്ക് മടങ്ങുന്ന ചിലരുടെയൊപ്പമാണ് അജയ് കുമാറും മടങ്ങുന്നത്. വഴിയില്‍ നടന്നുപോവുന്നത് കണ്ട് നാട്ടുകാരില്‍ ചിലര്‍ ബിസ്കറ്റും വെള്ളവും നല്‍കി. ഇതാണ് കയ്യിലുള്ള ഭക്ഷണമെന്നും അജയ് കുമാര്‍ പറഞ്ഞു. ഇനിയും ഇത്തരം സന്മനസുള്ളവരെ കാണാന്‍ സാധിക്കേണേയെന്ന പ്രാര്‍ത്ഥനയിലാണ് നടപ്പെന്ന് അജയ് കുമാര്‍ പറയുന്നു. വടിയുടെ സഹായത്തോടെയുള്ള നടപ്പായതിനാല്‍ മറ്റുള്ളവര്‍ക്കൊപ്പമെത്താന്‍ ബുദ്ധിമുട്ടുണ്ട് എങ്കിലും വീടാണ് പ്രതീക്ഷയെന്ന് അജയ് കുമാര്‍ ഇന്ത്യ ടുഡേയോട് വിശദമാക്കുന്നു. 

Follow Us:
Download App:
  • android
  • ios