പാര്‍ലമെന്‍ററി സംവിധാനത്തില്‍ സഭയുടെ അന്തസും സ്പീക്കറും ഒരു പ്രധാന കാര്യമാണെന്ന് ലോക് സഭാ സ്പീക്കര്‍ ഓം പ്രകാശ് ബിര്‍ള. നമ്മുടെ ജനാധിപത്യത്തിന്‍റെ മുഖമാണ് ലോക്സഭയും രാജ്യസഭയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ ക്ഷേമം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അംഗങ്ങള്‍ക്ക് തുല്യ അവസരങ്ങള്‍ നല്‍കുമെന്നും സ്പീക്കര്‍ വ്യക്തമാക്കുന്നു. പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് അവസാനത്തെ പ്രസംഗത്തിലാണ് സ്പീക്കര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. 

നമ്മുടെ ജനാധിപത്യത്തിന്‍റെ മൂല്യം തകരാതെ കാക്കാന്‍ സഭയിലെ അംഗങ്ങള്‍ക്കും  ഉത്തരവാദിത്വമുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും അംഗങ്ങളുടേയും കൂട്ടായ പ്രയത്നം ലോക് സഭയുടെ ഉല്‍പാദക്ഷമത 167 ശതമാനം എത്തി. ഇത് ചരിത്രമാണെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. കൊവിഡ് 19 മഹാമാരിക്കിടയിലും ശരാശരി അംഗങ്ങള്‍ സഭയിലെത്തി. ജനാധിപത്യത്തിലെ വിശ്വാസം ഉറപ്പിക്കുന്ന നിരവധി സന്ദേശങ്ങളും സഭാ സമ്മേളനത്തിലൂടെ രാജ്യത്തെ പൌരന്മാര്‍ക്ക് ലഭിച്ചു. 

25 ബില്ലുകളാണ് സഭ പാസാക്കിയത്. സാമൂഹ്യഅകലം ഉറപ്പിക്കാനായി സഭയില്‍ വരുത്തിയ മാറ്റങ്ങള്‍ മൂലം സഭാനടപടികള്‍ തടസപ്പെട്ടില്ലെന്നും സ്പീക്കര്‍ പറയുന്നു. സഭയുടെ സുഗമമായ നടത്തിപ്പിന് എല്ലാ അംഗങ്ങള്‍ക്കും സ്പീക്കര്‍ നന്ദി പറഞ്ഞു. വര്‍ഷകാല സമ്മേളനത്തിന് ഇടയ്ക്ക് 8700 കൊവിഡ് പരിശോധനയാണ് പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കും സഭയിലെ ജീവനക്കാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമായി നടത്തിയത്. പുതിയ പാര്‍ലമെന്‍റ് കെട്ടിടത്തിന്‍റെ നിര്‍മ്മാണം 21 മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും സ്പീക്കര്‍ പറഞ്ഞു.