കൊൽക്കത്ത: തുടർച്ചയായ വിവാദപ്രസ്താവനകൾ കൊണ്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് പശ്ചിമ ബം​ഗാൾ ബിജെപി അധ്യക്ഷൻ ദിലിപ് ഘോഷ്. പതിവുപോലെ പൗരത്വ നിയമ ഭേ​ദ​ഗതിക്കെതിരെ സമരം ചെയ്യുന്നവർക്ക് നേരെയാണ് ഘോഷിന്റെ വിവാദ പരാമർശം. പൗരത്വ നിയമ ഭേദ​ഗതിയെ അനുകൂലിച്ച് നടത്തിയ റാലിയ്ക്കിടയിൽ പോസ്റ്ററുമായി പ്രതിഷേധിച്ച യുവതിയെ ബി.ജെ.പി പ്രവര്‍ത്തകര്‍ അതിക്രമിച്ച സംഭവം ന്യായികരിച്ച  അവസരത്തിലായിരുന്നു ദിലിപ് ഘോഷിന്റെ വിവാദ പരാമർശം. അവർ ആ സ്ത്രീയെ കൂടുതലൊന്നും ചെയ്യാത്തതിന് അവൾ നന്ദി പറയണം എന്നായിരുന്നു ദിലിപ് ഘോഷിന്റെ വിവാദവാചകങ്ങൾ. തങ്ങളുടെ പ്രവര്‍ത്തകര്‍ ചെയ്തത് ശരിയായ കാര്യം തന്നെയാണെന്നും ദിലിപ് ഘോഷ് കൂട്ടിച്ചേർത്തിരുന്നു. 

ദിലീപ് ഘോഷിന്റെ നേതൃത്വത്തില്‍ പട്ടൂലി മുതല്‍ ബാഗാ ജതിന്‍ വരെ പൗരത്വ ഭേദഗതി അനുകൂല റാലി നടത്തിയിരുന്നു. ഈ റാലിക്കി‍ടെ ജാമിയ മിലിയ വെടിവയ്പിനെയും പൗരത്വ നിയമ ഭേദ​ഗതിയെയും അപലപിച്ച് ഒരു സ്ത്രീ പോസ്റ്ററുമായി പ്രതിഷേധിച്ചിരുന്നു. ഇവരെ ബിജെപി പ്രവർത്തകർ തടഞ്ഞു വയ്ക്കുകയും  പോസ്റ്റർ‌ തട്ടിപ്പറിക്കുകയും മോശം വാക്കുകൾ പറയുകയും ചെയ്തിരുന്നു. പാർട്ടി പ്രവർത്തകർ ഇവരെ തടഞ്ഞു വച്ചതിനെ തുടർന്ന് പൊലീസെത്തിയാണ് ഇവരെ മോചിപ്പിച്ചത്. ഈ സംഭവത്തെിലാണ് ദിലിപ് ഘോഷിന്റെ വിവാദ പരാമർശം. 

ഞങ്ങളുടെ പ്രവർത്തകർ ശരിയായി തന്നെയാണ് പ്രവർ‌ത്തിച്ചത്. ആ സ്ത്രീ അവരോട് നന്ദി പറയണം. അവരെ തടഞ്ഞുവയ്ക്കുക മാത്രം ചെയ്തതിനും മറ്റൊന്നും ചെയ്യാത്തതിനും. എന്തിനാണ് അവര്‍ (പ്രതിഷേധക്കാര്‍) എപ്പോഴും പ്രതിഷേധിക്കാന്‍ ഞങ്ങളുടെ റാലിയിലേക്ക് കടന്നു വരുന്നത്? അവര്‍ക്ക് മറ്റ് പരിപാടികളില്‍ പോയിക്കൂടെ. ഞങ്ങള്‍ ആവശ്യത്തിലധികം ക്ഷമിച്ചു കഴിഞ്ഞു. ഇനി അത്തരം ശല്യങ്ങള്‍ സഹിക്കാന്‍ വയ്യ” ദിലീപ് ഘോഷ് പറഞ്ഞു.

ഈ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ പാർട്ടികൾ വൻ പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്. ദിലീപ് ഘോഷിന്റെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെയും പാര്‍ട്ടിയുടെയും വികലമായ മാനസികാവസ്ഥയാണ് പ്രതിഫലിപ്പിക്കുന്നതെന്നാണ് മുതിർന്ന സിപിഐ(എം) നേതാവ് ഷമിക് ലാഹിരി പറഞ്ഞത്. ഫാസിസ്റ്റ് ബിജെപിയ്ക്കെതിരെ പ്രതിഷേധം തുടരും എന്നായിരുന്നു സ്ത്രീയുടെ മറുപടി. ആ പ്രസ്താവനയക്കെതിരെ ദിലിപ് ഘോഷ് പരസ്യമായി മാപ്പ് പറയണമെന്നായിരുന്നു മുതിർന്ന കോൺ​ഗ്രസ് നേതാവ് മനോജ് ചക്രബർത്തിയുടെ പ്രതികരണം.