ദില്ലി: ദില്ലിയിലേക്കുള്ള അവശേഷിക്കുന്ന പാതകൾ കൂടി അടച്ച് കര്‍ഷക പ്രക്ഷോഭം രണ്ടാംഘട്ടത്തിലേക്ക്. ജയ്പ്പൂര്‍ ദേശീയപാതയും ആഗ്ര എക്സ്പ്രസ് പാതയും ഉപരോധിക്കാനുള്ള കര്‍ഷകരുടെ മാര്‍ച്ച് തുടങ്ങി. തിങ്കളാഴ്ച സിംഗു അതിര്‍ത്തിയിൽ കര്‍ഷക നേതാക്കൾ നിരാഹാര സമരം നടത്തും. 

ഹരിയാന-രാജസ്ഥാൻ- ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ള കര്‍ഷകര്‍ ദില്ലി ജയ്പ്പൂര്‍ ദേശീയ പാതയിലേക്കും ആഗ്ര ഏക്സ്പ്രസ് വേയിലേക്കും നീങ്ങി തുടങ്ങി. ദേശീയപാതകൾക്കരുകിൽ ഇന്ന് തങ്ങുന്ന കര്‍ഷകര്‍ നാളെ രാവിലെ 11 മണിക്ക് രാജസ്ഥാനിലെ സഹജൻപൂരിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെടും. 

ജയ്പൂര്‍ ദേശീയപാത കടന്നുപോകുന്ന ഹരിയാനയിലെ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സിംഗു, തിക്രി, ഗാസിപ്പൂര്‍ അതിര്‍ത്തികൾക്ക്പുറമെ ജയ്പൂര്‍-ആഗ്ര റോഡുകൾ കൂടി തടഞ്ഞാൽ റോഡ് മാര്‍ഗ്ഗം ദില്ലിയിലേക്കുള്ള ചരക്കുനീക്കം പൂര്‍ണമായും നിലക്കും. 

ദേശീയപ്രക്ഷോഭത്തിന്‍റെ ഭാഗമായി ഭൂമി സംസ്ഥാനങ്ങളിലും കര്‍ഷകര്‍ ടോൾപ്ളാസകൾ ഉപരോധിച്ചു. പ്രതിസന്ധി പരിഹരിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പ്െട്ട ഭാരതീയ കിസാൻ യൂണിയൻ നൽകിയ ഹര്‍ജി ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്ര്റിസ് എസ്.എ.ബോബ്ഡെ അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക. പതിനേഴാം ദിവസം പിന്നിടുമ്പോൾ പ്രക്ഷോഭം കൂടുതൽ കടുപ്പിക്കുകയാണ് കര്‍ഷകര്‍