ജയ്സാൽമീറിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള മേഘ ഗ്രാമത്തിൽ തടാകത്തിന് സമീപം കുഴിക്കുന്നതിനിടെയാണ് അസാധാരണമായ ശിലാരൂപങ്ങളും വലിയ അസ്ഥികൂട ഘടനയോട് സാമ്യമുള്ള അസ്ഥികളും നാട്ടുകാർ കണ്ടെത്തിയത്.

ജയ്പൂർ: രാജസ്ഥാനിലെ ജയ്സാൽമീർ ജില്ലയിൽ ദിനോസറിന്റേതെന്ന് കരുതുന്ന ഫോസിൽ കണ്ടെത്തി. ​മേഘ എന്ന ​ഗ്രാമത്തിലെ തടാകത്തിന് സമീപം കുഴിയ്ക്കുമ്പോഴാണ് വമ്പൻ ഫോസിൽ കണ്ടെത്തിയത്. ഫോസിൽ കണ്ടെത്തിയതോടെ ദിനോസർ കാലഘട്ടവുമായി ഈ സ്ഥലത്തിന് ബന്ധമുണ്ടാകാമെന്നാണ് നി​ഗമനം. ജയ്സാൽമീറിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള മേഘ ഗ്രാമത്തിൽ തടാകത്തിന് സമീപം കുഴിക്കുന്നതിനിടെയാണ് അസാധാരണമായ ശിലാരൂപങ്ങളും വലിയ അസ്ഥികൂട ഘടനയോട് സാമ്യമുള്ള അസ്ഥികളും നാട്ടുകാർ കണ്ടെത്തിയത്. ഫത്തേഗഢ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റും തഹസിൽദാറും സ്ഥലം സന്ദർശിച്ച് അവശിഷ്ടങ്ങൾ പരിശോധിച്ചു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെയും (എഎസ്ഐ) അറിയിച്ചു. അവശിഷ്ടങ്ങൾ ദിനോസർ ഫോസിലുകളായിരിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ പറഞ്ഞു. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ സ്ഥിരീകരിക്കാൻ സാധിക്കൂവെന്നും അധികൃതർ പറ‍ഞ്ഞു. 

ദിനോസർ ഫോസിലുകളാകാൻ സാധ്യതയുണ്ട്. ഇടത്തരം വലിപ്പമുള്ളതായി കാണപ്പെടുന്നു. ഫോസിലുകളും ഒരു ചിറകിന്റെ അവശിഷ്ടങ്ങളുമാണെന്നും കൂടുതൽ പഠനമില്ലാതെ സ്ഥിരീകരിക്കാൻ പ്രയാസമാണെന്നും സ്ഥലം സന്ദർശിച്ച ജിയോളജിസ്റ്റ് നാരായൺ ദാസ് ഇങ്കിയ പറഞ്ഞു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) സംഘം എത്തിക്കഴിഞ്ഞാൽ, പ്രായവും ചരിത്രപരമായ പശ്ചാത്തലവും ശാസ്ത്രീയമായി നിർണ്ണയിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 

ജെയ്‌സാൽമറിലെ പാറക്കൂട്ടങ്ങൾ, ദിനോസറുകൾ ജീവിച്ചിരുന്ന ജുറാസിക് യുഗം മുതൽ 180 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദിനോസർ കാൽപ്പാടുകൾ, 2023 ൽ കണ്ടെത്തിയ ഒരു ദിനോസർ മുട്ട എന്നിവയുൾപ്പെടെ വർഷങ്ങളായി ജയ്‌സാൽമീറിൽ പാലിയന്റോളജിക്കൽ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.