''ആശുപത്രിക്ക് പുറത്ത് കിടക്ക ലഭിക്കാൻ അഞ്ചു മണിക്കൂറോളം കാത്തുനിന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പലതവണ അഭ്യർത്ഥിച്ചിട്ടും ഗുരുഗ്രാമിലെ മേദാന്ത അധികൃതർ പ്രവേശിപ്പിച്ചില്ല..''
ദില്ലി: മുൻ ഇന്ത്യ സ്ഥാനപതിയുടെ മരണം ചികിത്സ കിട്ടാതെയെന്ന ആരോപണവുമായി കുടുംബം രംഗത്ത്. മൊസാംബിക്, അൽജീരിയ, ബ്രൂണെ രാജ്യങ്ങളിലെ ഇന്ത്യൻ സ്ഥാനപതിയായിരുന്ന അശോക് അംറോഹി മരിച്ചത് ഈ മാസം 27 ന് രാത്രിയോടെയാണ്. ആശുപത്രിയിൽ ചികിത്സയ്ക്കായി അഞ്ച് മണിക്കൂറോളം കാത്തുനിന്ന് ചികിത്സ കിട്ടാതെ കാറിൽ വച്ചാണ് അദ്ദേഗം മരിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്.
ആശുപത്രിക്ക് പുറത്ത് കിടക്ക ലഭിക്കാൻ അഞ്ചു മണിക്കൂറോളം കാത്തുനിന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പലതവണ അഭ്യർത്ഥിച്ചിട്ടും ഗുരുഗ്രാമിലെ മേദാന്ത അധികൃതർ പ്രവേശിപ്പിച്ചില്ല. കാറിനകത്ത് വച്ചുതന്നെ ഹൃദയാഘാതമുണ്ടായാണ് അശോക് മരിച്ചതെന്നും കുടുംബം പറഞ്ഞു.
ശ്വസിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുകയും അതോടെ ഒരു ഓക്സിജൻ സിലിണ്ടർ ലഭ്യമാക്കുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും ആശുപത്രിയുടെ കാർ പാർക്കിംഗിൽ കാറിൽ വച്ച് ഹൃദയാഘാതം വന്ന് അദ്ദേഹം മരിക്കുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്.
ഇന്ത്യൻ സ്ഥാനപതിയായിരുന്ന വ്യക്തിക്ക് തന്നെ ഇത്തരമൊരു സാഹചര്യത്തിൽ ചികിത്സ കിട്ടാതിരുന്ന വിഷയം വലിയ രാഷ്ട്രീയ ചർച്ചയാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അശോക് അംറോഹിയുടെ മരണത്തിൽ നേരത്തേ വിദേശകാര്യമന്ത്രി എസ് ജയശങ്കർ അനുശോചനം അറിയിച്ചിരുന്നെങ്കിലും കുടുംബത്തിന്റെ ആരോപണത്തിൽ ഇതുവരെ അദ്ദേഹം പ്രതികരിച്ചിട്ടില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
