അഭിനന്ദന് എന്തെങ്കിലും ആപത്ത് സംഭവിച്ചാലുണ്ടാകാന്‍ പോകുന്ന ഇന്ത്യയുടെ സൈനിക നീക്കത്തില്‍ പാകിസ്ഥാന് ആശങ്കയുണ്ടായിരുന്നു.
ദില്ലി: ഇന്ത്യന്‍ വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന്‍ പാകിസ്ഥാന്‍റെ പിടിയിലായതോടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ നടത്തിയ നയതന്ത്ര നീക്കങ്ങള്‍ വെളിപ്പെടുത്തി ഇന്ത്യയുടെ പാകിസ്ഥാനിലെ മുന്‍ ഹൈക്കമ്മീഷണർ അജയ് ബിസാരിയ. 2019 ഫെബ്രുവരി 27 ന് രാത്രിയിലുണ്ടായ സംഭവ വികാസങ്ങളാണ് അജയ് ബിസാരിയ വിശദമാക്കിയത്. 'ആംഗർ മാനേജ്മെന്‍റ്: ദി ട്രബിൾഡ് ഡിപ്ലോമാറ്റിക് റിലേഷൻഷിപ്പ് ബിറ്റ്‍വീന്‍ ഇന്ത്യ ആന്‍ഡ് പാകിസ്ഥാന്‍' എന്ന പുസ്തകത്തിലാണ് സുപ്രധാന വെളിപ്പെടുത്തലുള്ളത്.
അഭിനന്ദനെ പിടികൂടി രണ്ട് ദിവസത്തിനുള്ളില്‍ അദ്ദേഹത്തിന്‍റെ മോചനത്തിലേക്ക് നയിച്ച ഇന്ത്യയുടെ വിദഗ്ധമായ നയതന്ത്ര നീക്കത്തെ കുറിച്ചാണ് ബിസാരിയ വെളിപ്പെടുത്തിയത്. ഒമ്പത് ഇന്ത്യൻ മിസൈലുകൾ തങ്ങളെ ലക്ഷ്യമിടാന്‍ സാധ്യതയുണ്ടെന്ന ഘട്ടത്തില്‍ പരിഭ്രാന്തിയിലായ പാകിസ്ഥാൻ സർക്കാർ, ഇമ്രാൻ ഖാനും നരേന്ദ്ര മോദിയും തമ്മിലുള്ള ആശയവിനിമയത്തിന് ശ്രമിച്ചെന്ന് ബിസാരിയ പറയുന്നു. മോദിയുമായി സംസാരിക്കാന്‍ അന്നത്തെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കി പാക് ഹൈക്കമ്മീഷണർ സുഹൈൽ മഹ്മൂദ് അര്‍ദ്ധരാത്രി ബിസാരിയയെ വിളിച്ചു. മോദിയെ ഇപ്പോള്‍ ലഭ്യമല്ലെന്നും അടിയന്തര സന്ദേശമാണെങ്കില്‍ താന്‍ അദ്ദേഹത്തെ അറിയിക്കാമെന്നും ബിസാരിയ പറഞ്ഞു. എന്നാല്‍ ഒരു ആശയവിനിമയവും നടക്കാതെ അടുത്ത ദിവസം അതായത് ഫെബ്രുവരി 28ന് ഇമ്രാന്‍ ഖാൻ പാർലമെന്റിൽ അഭിനന്ദന്‍റെ മോചനം പ്രഖ്യാപിക്കുകയായിരുന്നുവെന്ന് ബിസാരിയ പറയുന്നു.
തങ്ങളെ ലക്ഷ്യമിട്ട് നില്‍ക്കുന്ന ഇന്ത്യയുടെ ഒന്‍പത് മിസൈലുകളെ കുറിച്ച് പാകിസ്ഥാന്‍ വിദേശ നയതന്ത്ര പ്രതിനിധികളെയും അറിയിച്ചിരുന്നു. അഭിനന്ദന് എന്തെങ്കിലും ആപത്ത് സംഭവിച്ചാലുണ്ടാകാന്‍ പോകുന്ന ഇന്ത്യയുടെ സൈനിക നീക്കത്തില്‍ പാകിസ്ഥാന് ആശങ്കയുണ്ടായിരുന്നു. അഭിനന്ദന്‍റെ മോചനത്തിലേക്ക് നയിച്ച, നയതന്ത്ര നീക്കത്തിന്‍റെ ആ രാത്രിയെ 'കതൽ കി രാത്' (രക്തച്ചൊരിച്ചിലിന്‍റെ രാത്രി) എന്നാണ് നരേന്ദ്ര മോദി വിശേഷിപ്പിച്ചതെന്നും ബിസാരിയ പറഞ്ഞു. ഇമ്രാന് മോദിയുമായി സംഭാഷണം നടത്താനും ഹസ്തദാനം ചെയ്യാനും ആഗ്രഹമുണ്ടെന്ന് പറഞ്ഞ് ഒരു അടുത്ത സുഹൃത്ത് സമീപിച്ചെന്നും ബിസാരിയ പുസ്തകത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
