ജയലളിതയുടെ മരണശേഷം ഇരുവരുടേയും ഇരട്ട നേതൃത്വമാണ് അണ്ണാ ഡിഎംകെയെ നയിക്കുന്നത്. ഏകനേതൃത്വം വേണമെന്ന ആവശ്യവുമായി പാർട്ടി കോ ഓഡിനേറ്റർ ഒ.പനീർ ശെൽവം രംഗത്തെത്തിയതോടെയാണ് വിഭാഗീയത കടുത്തത്.
ചെന്നൈ: തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷിയായ എഐഎഡിഎംകെയിൽ ഒപിഎസ് ഇപിഎസ് വിഭാഗങ്ങളുടെ തമ്മിലടി തെരുവിലെത്തി. ജയലളിതയുടെ മരണശേഷം ഇരുവരുടേയും ഇരട്ട നേതൃത്വമാണ് അണ്ണാ ഡിഎംകെയെ നയിക്കുന്നത്. ഏകനേതൃത്വം വേണമെന്ന ആവശ്യവുമായി പാർട്ടി കോ ഓഡിനേറ്റർ ഒ.പനീർ ശെൽവം രംഗത്തെത്തിയതോടെയാണ് വിഭാഗീയത കടുത്തത്.
പാർട്ടി കോ ഓഡിനേറ്റർ സ്ഥാനം ഒ .പനീർ ശെൽവത്തിനും ജോയിന്‍റ് കോ ഓഡിനേറ്ററും പ്രതിപക്ഷ നേതൃസ്ഥാനവും ഇ.പളനിസാമിക്കും എന്നായിരുന്നു ജയലളിതയുടെ കാലശേഷം വിഭാഗീയത കടുത്തപ്പോൾ ഉണ്ടായ ഒത്തുതീർപ്പ് വ്യവസ്ഥ. ജനറൽ സെക്രട്ടറി പദവിയിലേക്ക് ആരും വേണ്ടെന്നും തീരുമാനിച്ചു. എന്നാൽ ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയടക്കം പാർട്ടി സംവിധാനത്തിന്‍റെ നിയന്ത്രണം പൂർണമായും പളനിസാമി പിടിച്ചതോടെയാണ് പനീർ ശെൽവം കലാപക്കൊടി ഉയർത്തുന്നത്. തുടർച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ കാരണം ഇരട്ടനേതൃത്വമാണെന്ന് ഒപിഎസ് ആരോപിക്കുന്നു. പനീർ ശെൽവത്തെ ജനറൽ സെക്രട്ടറി ആക്കണമെന്ന ആവശ്യവുമായി ചെന്നൈയിലെ അണ്ണാ ഡിഎംകെ സംസ്ഥാന കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ചും പളനിസ്വാമിക്ക് ഇതേ സ്ഥാനം വേണമെന്ന ആവശ്യവുമായി സേലത്തെ അദ്ദേഹത്തിന്‍റെ വീട് കേന്ദ്രീകരിച്ചും മൂന്ന് ദിവസമായി ഗ്രൂപ്പ് യോഗങ്ങൾ നടക്കുകയാണ്. പനീർ ശെൽവത്തിന് പാർട്ടി പ്രീസിഡിയം ചെയർമാൻ, സ്റ്റിയറിംഗ് കമ്മിറ്റി പ്രസിഡന്‍റ് പദവികൾ നൽകി അനുനയിപ്പിക്കാനുള്ള പളനിസാമിയുടെ ശ്രമവും പാളി. ചെന്നൈയിലെ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിൽ ഇരു വിഭാഗവും പരസ്പരം പോർവിളിക്കുന്ന നിലയിലെത്തി കാര്യങ്ങൾ.
പളനിസാമിയെ ജനറൽ സെക്രട്ടറി പദവിയിലെത്തിക്കാനുള്ള നീക്കവുമായി മുൻമന്ത്രി ഡി.ജയകുമാറിന്‍റെ നേതൃത്വത്തിലും നീക്കം സജീവമാണ്. ഡി.ജയകുമാറിനെ പനീർ ശെൽവം അനുകൂലികൾ സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിൽ തടഞ്ഞുവച്ചു. ചെന്നൈയിലും സേലത്തും ഇരുവിഭാഗത്തെയും പിന്തുണച്ച് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ഈ മാസം 23ന് ചേരുന്ന അണ്ണാ ഡിഎംകെ ജനറൽ കൗൺസിലിന്‍റെ ഏക അജണ്ട ഒറ്റ നേതൃത്വക്കാര്യത്തിൽ തീരുമാനം എടുക്കലാണ്. വരും ദിവസങ്ങളിൽ സംഘർഷം മൂർച്ഛിക്കാനാണ് സാധ്യത. അണ്ണാ ഡിഎംകെയുടെ ആഭ്യന്തര തർക്കങ്ങളിൽ ഇടപെടാനില്ല എന്നാണ് സഖ്യകക്ഷിയായ ബിജെപിയുടെ നിലപാട്.
