ദില്ലി: നടൻ സുശാന്ത് സിംഗിന്‍റെ മരണത്തിൽ കേസ് അന്വേഷണത്തിന് മുംബൈയിലെത്തിയ എസ്‍പിയെ ക്വാറന്‍റീന്‍ ചെയ്തതിൽ എതിര്‍പ്പ് ശക്തമാകുന്നു. നടപടി അംഗീകരിക്കാനാവില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ  തുറന്നടിച്ചു. കേസ് അന്വേഷണത്തിന് ബിഹാർ പൊലീസ് മുംബൈയിൽ എത്തിയത് മുതൽ തുടങ്ങിയ തർക്കം എസ് പി ബിനയ് തിവാരിയെ ക്വാറന്‍റീന്‍ ചെയ്തതിലൂടെ രൂക്ഷമാകുകയാണ്. ക്വാറന്‍റീന്‍ പിൻവലിക്കാൻ ഉന്നത പൊലീസ് തലത്തിൽ ഇടപെടലുണ്ടായിട്ടും പരിഹാരമില്ല. വിഷയത്തിൽ പൊലീസിന് ഒന്നും ചെയ്യാനില്ലെന്നും കോർപറേഷന്‍റെ നടപടിയാണെന്നുമാണ് മുംബൈ പൊലീസിന്‍റെ വിശദീകരണം. 

സംസ്ഥാനത്തിന്‍റെ കൊവിഡ് മാർഗ്ഗനിർദ്ദേശം നടപ്പാക്കുക മാത്രമാണ് ചെയ്തതെന്ന് മുംബൈ കോർപറേഷനും വ്യക്തമാക്കി. മാർഗ്ഗനിർദ്ദേശം പരിശോധിച്ചതാണെന്നും ഔദ്യോഗിക കാര്യങ്ങൾക്കായി എത്തുന്നവർക്ക് ക്വാറന്‍റീന്‍ ഇളവുണ്ടെന്ന് വ്യക്തമായതായും ബിഹാർ ഡിജിപി ഗുപ്തേശ്വർ പാണ്ഡേ തിരിച്ചടിച്ചു. സംഭവത്തിൽ വിമർശനവുമായി ബിഹാ‍ർ മുഖ്യമന്ത്രി നിതീഷ് കുമാറും രംഗത്തെത്തി. മുംബൈ പൊലീസിനെതിരെ തുറന്നടിച്ച സുശാന്ത് സിംഗിന്‍റെ അച്ഛൻ പ്രധാന പ്രതി ഇപ്പോഴും പുറത്താണെന്ന് ആരോപിച്ചു. മകന്‍റെ ജീവൻ അപകടത്തിലാണെന്ന്  ചൂണ്ടിക്കാട്ടി ഫെബ്രുവരിയിൽ ബാന്ദ്ര പൊലീസിനെ സമീപിച്ചതാണ്. 

പരാതിയിൽ പൊലീസ് ഇടപെട്ടിട്ടില്ലെന്നും അന്വേഷണം കാര്യക്ഷമമല്ലാത്തത് കൊണ്ടാണ് പാട്‍ന പൊലീസിനെ സമീപിച്ചതെന്നും കെ കെ സിംഗ് പറഞ്ഞു. കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ബിഹാർ നിയമസഭയിൽ സുശാന്തിന്‍റെ ബന്ധു കൂടിയായ ബിജെപി എംഎൽഎ നീരജ് കുമാർ സിംഗ് ബബ്ലു ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ഉൾപ്പടെയുള്ള എംഎൽഎമാർ പിന്തുണച്ചു. കേസിന്‍റെ തുടക്കം മുതൽ വിമർശനം കേട്ട മുംബൈ പൊലീസ് പുതിയ സംഭവ വികാസങ്ങളോടെ കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്.