അതിർത്തിയിലെ ശാന്തിയും സമാധാനവും നിലനിർത്തുന്നത് ഉൾപ്പെടെ എട്ട് പ്രധാന കാര്യങ്ങളിൽ ഇരുനേതാക്കളും ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. പ്രത്യേകിച്ച്, അതിർത്തി പുനർനിർണ്ണയത്തിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കാൻ ഇരുപക്ഷവും തീരുമാനിച്ചിട്ടുണ്ട്.

ദില്ലി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നടത്തിയ ഉന്നതതല ചർച്ചയുടെ കൂടുതൽ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യ സന്ദർശിക്കാൻ തയ്യാറെടുക്കുന്നതിനിടെ നടന്ന ഈ കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ നിർണ്ണായകമാകും. അതിർത്തിയിലെ ശാന്തിയും സമാധാനവും നിലനിർത്തുന്നത് ഉൾപ്പെടെ എട്ട് പ്രധാന കാര്യങ്ങളിൽ ഇരുനേതാക്കളും ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. പ്രത്യേകിച്ച്, അതിർത്തി പുനർനിർണ്ണയത്തിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കാൻ ഇരുപക്ഷവും തീരുമാനിച്ചിട്ടുണ്ട്.

അതിർത്തി തർക്കം പരിഹരിക്കുന്നതിനായി 2005-ൽ ഒപ്പുവെച്ച ചട്ടക്കൂടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാനും ഇരുരാജ്യങ്ങൾക്കും സ്വീകാര്യമായ നീതിയുക്തമായ പരിഹാരം കണ്ടെത്താനും ധാരണയായി. യഥാർത്ഥ നിയന്ത്രണ രേഖയെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ രണ്ട് രാജ്യങ്ങളും പ്രത്യേക വഴികൾ തേടും. സേനാ ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ചകൾക്കായി രണ്ട് സ്ഥലങ്ങളിൽക്കൂടി സൗകര്യം ഒരുക്കാനും, കിഴക്കൻ, മധ്യ മേഖലകളിൽ ഓരോ ഹോട്ട്‌ലൈൻ കൂടി സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതിർത്തിയിലെ പരസ്പര സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാപാരം കൂട്ടാനും, കൈലാസ് മാനസരോവർ യാത്രയ്ക്ക് കൂടുതൽ തീർത്ഥാടകരെ അനുവദിക്കാനും ചർച്ചയിൽ ധാരണയായി.

ഇരുരാജ്യങ്ങൾക്കും ഇടയിലുണ്ടാകുന്ന ഏത് തർക്കവും നിലവിലെ നയതന്ത്ര, സൈനിക തല സംവിധാനങ്ങൾ വഴി സമാധാനപരമായി പരിഹരിക്കും. അതിർത്തി കടന്നൊഴുകുന്ന നദികളുടെയും ഡാമുകളുടെയും ഡേറ്റ പരസ്പരം കൈമാറുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ അടുത്ത മാസം വിദഗ്ധ സമിതി യോഗം ചേരും. അതിർത്തി തർക്കം പരിഹരിക്കുന്നതിനുള്ള ഈ ഉന്നതതല സംവിധാനത്തിന്റെ അടുത്ത വർഷത്തെ യോഗം ഇന്ത്യയിൽ വെച്ച് നടത്താനും അജിത് ഡോവലും വാങ് യീയും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്.

YouTube video player