Asianet News MalayalamAsianet News Malayalam

അസം-മിസോറം അതിര്‍ത്തി തര്‍ക്കം; നിര്‍ണ്ണായക ചര്‍ച്ച വ്യാഴാഴ്ച, മിസോറം കേസുകള്‍ പിന്‍വലിച്ചു

മിസോറം മുഖ്യമന്ത്രി സോറാംതാംഗയുമായി വ്യക്തിപരമായ ഏറെ അടുപ്പം പുലര്‍ത്തുന്ന അതുല്‍ ബോറയെ ചര്‍ച്ചക്ക് നിയോഗിച്ചത് പ്രശ്നപരിഹാരത്തിന് അസം സര്‍ക്കാര്‍ ആഗ്രഹിക്കുന്നു എന്നതിന്‍റെ സൂചനയായി. 

discussion over Assam Mizoram border dispute
Author
Aizawl, First Published Aug 3, 2021, 1:20 PM IST

ഐസ്വോള്‍: അസം-മിസോറം അതിര്‍ത്തി തര്‍ക്കത്തില്‍ നിര്‍ണ്ണായക ചര്‍ച്ച വ്യാഴാഴ്ച. ആഭ്യന്തരമന്ത്രി അമിത്ഷായുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രശ്‍ന പരിഹാരത്തിന് അടിയന്തര യോഗം ചേരുന്നത്. ദില്ലി കേന്ദ്രീകരിച്ച് നടന്ന ചര്‍ച്ചകളിലാണ് അതിര്‍ത്തി തര്‍ക്ക വിഷയം അടിയന്തരമായി പരിഹരിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നത്. വ്യാഴാഴ്ച ഐസ്വോളില്‍ നടക്കുന്ന ചര്‍ച്ചയില്‍ അസമിനെ പ്രതിനിധീകരിച്ച് കൃഷിമന്ത്രി അതുല്‍ ബോറയും, നഗരവികസനമന്ത്രി അശോക് സിംഗാളും പങ്കെടുക്കും. മിസോറം മുഖ്യമന്ത്രി സോറാംതാംഗയുമായി വ്യക്തിപരമായ ഏറെ അടുപ്പം പുലര്‍ത്തുന്ന അതുല്‍ ബോറയെ ചര്‍ച്ചക്ക് നിയോഗിച്ചത് പ്രശ്നപരിഹാരത്തിന് അസം സര്‍ക്കാര്‍ ആഗ്രഹിക്കുന്നു എന്നതിന്‍റെ സൂചനയായി. 

ചര്‍ച്ചയില്‍ കേന്ദ്ര നിരീക്ഷകരും പങ്കെടുത്തേക്കും. അസം മുഖ്യമന്ത്രിക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ എടുത്ത കേസുകള്‍ അടിയന്തരമായി പിന്‍വലിക്കാന്‍ മിസോറം മുഖ്യമന്ത്രി തന്നേ നേരിട്ട് നിര്‍ദ്ദേശം നല്‍കിയിരുന്നു. കേസുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ ചര്‍ച്ച കൂടുതല്‍ ഫലപ്രദമാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം  ചര്‍ച്ചകള്‍ നടക്കട്ടേയെന്നും അതിര്‍ത്തി വിഷയത്തില്‍ അന്തിമ പരിഹാരം സുപ്രീംകോടതി തന്നെ കാണട്ടേയെന്നും അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ പ്രതികരിച്ചു. അതിര്‍ത്തി തര്‍ക്കത്തില്‍ പരിഹാര ഫോര്‍മുല തേടി അസം സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. അതേസമയം സംഘര്‍ഷത്തിന് അയവ് വന്നെങ്കിലും ഇരു സംസ്ഥാനങ്ങളിലെയും പൊലീസുകാര്‍ അതിര്‍ത്തിക്ക് സമീപം ക്യാമ്പ് ചെയ്യുന്നുണ്ട്. ആറ് കമ്പനി സിആര്‍പിഎഫിന്‍റെ കാവലിലാണ് ഇപ്പോള്‍  അസം മിസോറം അതിര്‍ത്തി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios