Asianet News MalayalamAsianet News Malayalam

ദിശ കേസ്; ഹൈദരാബാദ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ റീ പോസ്റ്റ്‌മോർട്ടം ഇന്ന്

  • തെളിവെടുപ്പിനിടെ നാല് പ്രതികളെയും ഏറ്റുമുട്ടലിലൂടെ പൊലീസ് കൊലപ്പെടുത്തുകയായിരുന്നു
  • കൊല്ലപ്പെട്ട നാല് പ്രതികളുടെയും മൃതദേഹം ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്
Disha case re-postmortem of encountered accused
Author
Hyderabad, First Published Dec 23, 2019, 6:39 AM IST

ഹൈദരാബാദ്: പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ദിശ കൊലക്കേസ് പ്രതികളുടെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യും. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യുന്നത്. ദില്ലി എയിംസിലെ ഫോറൻസിക് വിഭാഗം മേധാവി ഡോക്ടർ സുധീർ ഗുപ്തയുടെ നേതൃത്വത്തിലുളള മൂന്നംഗ സംഘമാണ് പോസ്റ്റ്മോർട്ടം നടത്തുക. 

രാവിലെ 9 മണിക്ക് ഹൈദരാബാദ് ഗാന്ധി ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങും. വൈകീട്ട് അഞ്ച് മണിക്കുളളിൽ നടപടികൾ പൂർത്തിയാക്കി നാല് മൃതദേഹങ്ങളും ബന്ധുക്കൾക്ക് വിട്ടുനൽകാനാണ് കോടതി ഉത്തരവ്. ഡിസംബർ ആറിന് നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് പ്രതികളുടെയും മൃതദേഹം ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

റീ പോസ്റ്റ്മോർട്ടവും സിബിഐ അന്വേഷണവും ആവശ്യപ്പെട്ട് പ്രതികളുടെ ബന്ധുക്കൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യം ഹൈക്കോടതിയിൽ ഉന്നയിക്കാനായിരുന്നു സുപ്രീം കോടതി നിർദേശം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവ്. 

നവംബര്‍ 27നാണ് ഹൈദരാബാദിലെ 27കാരിയായ വെറ്ററിനറി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാലത്തിന് കീഴില്‍ വച്ച് കത്തിച്ചെന്നാണ് കേസ്. സംഭവത്തില്‍ നാല് പേരെ പൊലീസ് പിടികൂടി. യുവതി കൊല്ലപ്പെട്ടതില്‍ രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നു. പൊലീസിനെതിരെയും വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് തെളിവെടുപ്പിനിടെ നാല് പ്രതികളെയും ഏറ്റുമുട്ടലിലൂടെ പൊലീസ് കൊലപ്പെടുത്തിയത്. 

Follow Us:
Download App:
  • android
  • ios