Asianet News MalayalamAsianet News Malayalam

ദിഷ രവി കേസിൽ കരുതൽ വേണമെന്ന് മാധ്യമങ്ങൾക്ക് നിർദ്ദേശം; വാർത്തകൾ പെരുപ്പിച്ച് നല്‍കരുതെന്ന് കോടതി

രാജ്യത്തിൻ്റെ പരമാധികാരം സംരക്ഷിക്കാനുള്ള വിവരങ്ങൾ പുറത്തുവരണം. എന്നാൽ സ്വകാര്യതയുടെ അതിർത്തി ലംഘിക്കാനും പാടില്ലെന്ന് കോടതി വ്യക്തമാക്കി. 

Disha Ravi Case High Court Caution For Delhi Police Media Over Probe
Author
Delhi, First Published Feb 19, 2021, 2:04 PM IST

ദില്ലി: പരിസ്ഥിതി പ്രവർത്തക ദിഷ രവി അറസ്റ്റിലായ ടൂൾകിറ്റ് കേസിൽ കരുതലോടെ വാർത്ത നല്‍കണമെന്ന് മാധ്യമങ്ങൾക്ക് ദില്ലി ഹൈക്കോടതിയുടെ നിർദ്ദേശം. വാട്സാപ്പ് ചാറ്റുകൾ പുറത്തുവന്നതിനെതിരെയുള്ള ഹർജിയിലാണ് വാർത്തകൾ പെരുപ്പിച്ച് നല്‍കാതിരിക്കാൻ എഡിറ്റർമാർ ശ്രദ്ധിക്കണമെന്ന കോടതി ഉത്തരവിട്ടത്. ഉന്നത വിദ്യാഭ്യാസമുള്ളവർ ഭീകരതയും അക്രമവും അഴിച്ചു വിടുന്നു എന്ന് ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു.

സ്വകാര്യ വാട്സാപ്പ് ചാറ്റ് പോലും മാധ്യമങ്ങൾ വഴി പുറത്തുവരുന്നു. അന്വേഷണത്തെ ബാധിക്കുന്ന തരത്തിൽ പൊലീസ് വിവരം ചോർത്തുന്നു. പരിസ്ഥിതി പ്രവർത്തക ദിൽ രവിക്ക് വേണ്ടി ഹാജരായ അഖിൽ സിബലിൻ്റെ പ്രധാന വാദം ഇതായിരുന്നു. പൊലീസ് നടത്തിയ വാർത്താസമ്മേളനത്തിന് ശേഷമാണ് വാട്സാപ്പ് ചാറ്റുകൾ വന്നതെന്നും സിബൽ ചൂണ്ടിക്കാട്ടി. വിവരം ചോർത്തിയില്ല എന്ന നിലപാടിൽ പൊലീസ് ഉറച്ചു നിന്നു. പൊതുഇടത്തിൽ ലഭ്യമായ വിവരങ്ങളാണ് നല്കിയതെന്ന് മാധ്യമങ്ങളും പരാതി കിട്ടിയാൽ നടപടി എടുക്കുമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാൻഡേഡ്സ് അതോറിറ്റിയും കോടതിയെ അറിയിച്ചു. 

രാജ്യത്തിൻ്റെ പരമാധികാരം സംരക്ഷിക്കാനുള്ള വിവരങ്ങൾ പുറത്തുവരണം. എന്നാൽ സ്വകാര്യതയുടെ അതിർത്തി ലംഘിക്കാനും പാടില്ലെന്ന് കോടതി വ്യക്തമാക്കി. ഈ അതിർവരമ്പുകൾ പാലിച്ച് വാർത്തൾ കരുതലോടെ നല്‍കാൻ മാധ്യമ എഡിറ്റർമാർ ശ്രദ്ധിക്കണം. പൊലീസ് വർത്ത നല്കുമ്പോഴുള്ള മാർഗ്ഗനിർദ്ദേശം പാലിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പൊലീസ് അപഖ്യാതി ഉണ്ടാക്കില്ലെന്ന ഉറപ്പ് ദിഷ രവിയിൽ നിന്നും കോടതി വാങ്ങി. കേസ് വിശദമായി കേൾക്കാനായി മാറ്റി. ഇതിനിടെ വിശ്വഭാരതി സർവ്വകലാശാലയുടെ ബിദുദദാന ചടങ്ങിലാണ് ഉന്നത വിദ്യാഭ്യാസം നേടിയവർ ഭീകരത പ്രോത്സാഹിപ്പിക്കുന്നു എന്ന് പ്രധാനമന്ത്രി ആരോപിച്ചത്.

അതേസമയം, ദിഷയെ അറസ്റ്റു ചെയ്തതിൽ രാഷ്ട്രീയ സമ്മർദ്ദമില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരിച്ചു. പ്രായത്തിൻ്റെ പേരിൽ രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നവർക്ക് ഇളവു നല്കാനാവില്ലെന്നും അമിത് ഷാ പശ്ചിമ ബംഗാളിൽ പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios