ഹൈക്കമാന്‍റ് ഇടപെടലോടെ തർക്കം അവസാനിക്കുന്നുവെന്ന് കരുതിയിരുന്നുവെങ്കില്‍ യുദ്ധം മുറുകുന്നതാണ് പഞ്ചാബ് കോണ്‍ഗ്രസിലെ ഒടുവിലെ കാഴ്ച.

ദില്ലി: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി സിദ്ദുവിനെ നിയമിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. തനിക്കെതിരായ ട്വീറ്റുകളില്‍ സിദ്ദു മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി അമരീന്ദ‍ർ സിങ് ആവശ്യപ്പെട്ടതാണ് പുതിയ പ്രതിസന്ധി. ഇതിനിടെ സിദ്ദുവിനെ നിയമിക്കരുതെന്ന നിലപാടുള്ള പഞ്ചാബിലെ എംപിമാര്‍ യോഗം ചേരാന്‍ തീരുമാനിച്ചു.

ഹൈക്കമാന്‍റ് ഇടപെടലോടെ തർക്കം അവസാനിക്കുന്നുവെന്ന് കരുതിയിരുന്നുവെങ്കില്‍ യുദ്ധം മുറുകുന്നതാണ് പഞ്ചാബ് കോണ്‍ഗ്രസിലെ ഒടുവിലെ കാഴ്ച. കോണ്‍ഗ്രസ് അധ്യക്ഷയുടെ തീരുമാനം എന്താണെങ്കിലും അംഗീകരിക്കുമെന്നായിരുന്നു ക്യാപ്റ്റന്‍ അമരീന്ദർ സിങ് പറഞ്ഞിരുന്നത്. എന്നാല്‍ സിദ്ദു തനിക്കെതിരെ നടത്തിയ ട്വീറ്റുകളില്‍ പരസ്യമായി മാപ്പ് പറയണമെന്ന് അമരീന്ദർ സിങ് ആവശ്യപ്പെട്ടത് കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്കെത്തിച്ചിട്ടുണ്ട്. 

ഇതിനിടെ സിദ്ദുവിനെ നിയമിക്കരുതെന്ന നിലപാട് കടുപ്പിക്കുന്നതിന്‍റെ ഭാഗമായി മുഖ്യമന്ത്രിയോട് അടുപ്പമുള്ള ലോക്സഭ, രാജ്യസഭ എംപിമാര്‍ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. അമരീന്ദ‍ർ സിങിന്‍റെ ഭാര്യയും എംപിയുമായ പ്രണീത് കൗറിന്‍റെ നേതൃത്വത്തിലാണ് യോഗം. ബിജെപി ഒഴിവാക്കിയ സിദ്ദുവിനെ അധ്യക്ഷ പദവിയിലക്ക് എത്തിക്കുന്നതെന്തിനെന്നാണ് പഴയ തലമുറയിലെ നേതാക്കളുടെ ചോദ്യം. 

പ്രതിനസന്ധി കനത്തതോടെ പിസിസി അധ്യക്ഷനായി സിദ്ദുവിനെ നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനവും നീളുകയാണ്. ഹൈക്കമാന്‍റില്‍ നിയമനം സംബപന്ധിച്ച് സൂചന ലഭിച്ചതിനാല്‍ സിദ്ദു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.