പലയിടത്തും വലിയ വീപ്പകളില്‍ വെള്ളം നിറച്ച് അതില്‍ കയറി ഇരുന്നുള്ള പ്രാര്‍ത്ഥനകളാണ് നടന്നത്
ബംഗലുരു: കടുത്ത വരള്‍ച്ചയെ അതിജീവിക്കാനായി മഴ പെയ്യാനുള്ള പ്രത്യേക പൂജയും പ്രാര്‍ത്ഥനകളും നടത്തിയ കര്‍ണാടക സര്‍ക്കാര്‍ വിവാദത്തില്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ജലവിഭവ മന്ത്രിയുമായ ഡി കെ ശിവകുമാറിന്‍റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം പൂജയും പ്രാര്‍ത്ഥനകളും നടത്തിയത്. ചിക്കമംഗളുരുവിലെ ശ്രീ ഋഷ്യ ശ്രിങ്കേശ്വര ക്ഷേത്രത്തിലായിരുന്നു പര്‍ജന്യ ഹോമം എന്ന പേരില്‍ പ്രത്യേക പൂജയ്ക്ക് കളമൊരുക്കിയത്.
കടുത്ത വരള്‍ച്ചയാണ് ഇക്കുറി കര്‍ണാടക നേരിടുന്നത്. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളെ വരള്‍ച്ച ബാധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുവെ കുടിവെള്ളത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന കര്‍ണാടകയില്‍ മണ്‍സൂണ്‍ എത്താത്തതോടെ സ്ഥിതി ഗതികള്‍ പരിതാപകരമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക പൂജ നടത്താന്‍ മന്ത്രി തീരുമാനിച്ചത്.
മഴ പെയ്യാനായി പൂജ നടത്തുകയെന്നത് സംസ്ഥാനത്ത് കാലങ്ങളായി നിലനില്‍ക്കുന്ന സമ്പ്രദായമാണെന്നായിരുന്നു സംഭവത്തെകുറിച്ചുള്ള ഡി കെ ശിവകുമാറിന്‍റെ പ്രതികരണം. മഴ പെയ്യുക എന്നതുമാത്രമാണ് പ്രധാനം എന്നും പ്രതിസന്ധിയെ അതിജീവിക്കാന്‍ എല്ലാവരും സജ്ജമാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും ഇത്തരം പൂജകള്‍ നടന്നു. പലയിടത്തും വലിയ വീപ്പകളില്‍ വെള്ളം നിറച്ച് അതില്‍ കയറി ഇരുന്നുള്ള പ്രാര്‍ത്ഥനകളാണ് നടന്നത്
