കർണാടകയിൽ അധികാര പങ്കിടൽ സംബന്ധിച്ച് രഹസ്യ കരാറുണ്ടെന്ന ഡി കെ ശിവകുമാറിന്റെ പ്രസ്താവന കോൺഗ്രസിൽ വീണ്ടും തർക്കങ്ങൾക്ക് വഴിവെച്ചു. ആശയക്കുഴപ്പം അവസാനിപ്പിക്കാൻ ഹൈക്കമാൻഡ് ഇടപെടണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. 

ബെം​ഗളൂരു: കർണാടകയിലെ നേതൃത്വത്തിലെ തർക്കം വീണ്ടും ഉയർന്നുവന്ന സാഹചര്യത്തിൽ, ആശയക്കുഴപ്പത്തിന് അവസാനിപ്പിക്കാൻ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അധികാര പങ്കിടൽ സംബന്ധിച്ച് പാർട്ടിയിലെ അഞ്ചാറ് പേർക്കിടയിൽ രഹസ്യ കരാർ ഉണ്ടെന്ന് ഡെപ്യൂട്ടി മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് സിദ്ധരാമയ്യ രം​ഗത്തെത്തിയത്. സംസ്ഥാനത്തെ നേതൃമാറ്റ വിഷയം പരസ്യമായി ചർച്ച ചെയ്യേണ്ട ഒന്നല്ലെന്ന് എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ നേരത്തെ പറഞ്ഞിരുന്നു. നവംബർ 20 ന് കോൺഗ്രസ് സർക്കാർ അഞ്ച് വർഷത്തെ കാലാവധിയുടെ പകുതി പിന്നിട്ടതിനുശേഷം, പാർട്ടിയുടെ തലപ്പത്ത് അഴിച്ചുപണി ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. 

2023-ൽ സിദ്ധരാമയ്യയും ശിവകുമാറും ഉൾപ്പെട്ട അധികാരം പങ്കിടൽ കരാറിനെക്കുറിച്ചുള്ള പരാമർശങ്ങളാണ് ചർച്ചയാകുന്നത്. വിഷയത്തിൽ ഹൈക്കമാൻഡിൻറെ തീരുമാനം താനും ശിവകുമാറും ഉൾപ്പെടെ എല്ലാവരെയും ബാധിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം. ആത്യന്തികമായി, ഹൈക്കമാൻഡാണ് തീരുമാനം എടുക്കേണ്ടത്. ഞങ്ങൾ അത് അനുസരിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. ആശയക്കുഴപ്പത്തിന് പൂർണ്ണ വിരാമമിടാൻ, ഹൈക്കമാൻഡ് തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ രാഹുൽ ഗാന്ധിയെ കാണാൻ പദ്ധതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടിക്കുള്ളിൽ 5-6 പേർക്കിടയിൽ ഒരു രഹസ്യ കരാർ ഉണ്ടായിരുന്നതിനാൽ ഈ വിഷയത്തിൽ പരസ്യമായി സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ഡികെ ശിവകുമാറിന്റെ പ്രതികരണം. എന്നെ മുഖ്യമന്ത്രിയാക്കാൻ ഞാൻ ആവശ്യപ്പെട്ടിട്ടില്ല. അഞ്ചോ ആറോ പേർ തമ്മിലുള്ള രഹസ്യ ഇടപാടാണിത്. ഇതിനെക്കുറിച്ച് പരസ്യമായി സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയെ നാണം കെടുത്താനോ ദുർബലപ്പെടുത്താനോ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കോൺഗ്രസിനുള്ള അധികാരതർക്കം പ്രതിപക്ഷമായ ബിജെപിക്കും ജെഡിഎസിനും ആയുധമായി. ഭരണകക്ഷി നേതാക്കൾ മുഖ്യമന്ത്രി കസേരയ്ക്കു വേണ്ടിയുള്ള തർക്കത്തിൽ ഏർപ്പെടുകയും ഭരണത്തെ അവഗണിക്കുകയും ചെയ്യുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു.