തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ നോട്ട് വാരിയെറിഞ്ഞ് കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ -വീഡിയോ
ബേവിനഹള്ളിക്ക് സമീപം കോൺഗ്രസ് സംഘടിപ്പിച്ച രഥഘോഷയാത്രയുടെ ഭാഗമായി എത്തിയ ആളുകൾക്ക് നേരെയാണ് തുറന്ന വാഹനത്തിൽനിന്ന് ശിവകുമാർ കറൻസി നോട്ടുകൾ എറിഞ്ഞത്.

ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ കറൻസി നോട്ടുകൾ വാരിയെറിഞ്ഞ് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ. മാണ്ഡ്യയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയണ് ആളുകൾക്ക് നേരെ നോട്ട് വാരിയെറിഞ്ഞത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ബേവിനഹള്ളിക്ക് സമീപം കോൺഗ്രസ് സംഘടിപ്പിച്ച രഥഘോഷയാത്രയുടെ ഭാഗമായി എത്തിയ ആളുകൾക്ക് നേരെയാണ് തുറന്ന വാഹനത്തിൽനിന്ന് ശിവകുമാർ കറൻസി നോട്ടുകൾ എറിഞ്ഞത്. മറ്റുകോൺഗ്രസ് നേതാക്കളും ഈ സമയം ഉണ്ടായിരുന്നു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന നേതാവാണ് ശിവകുമാർ.
ആടിപ്പാടി കോൺഗ്രസ് നേതാവ്, നർത്തകിക്ക് നേരെ കറൻസി നോട്ടുകൾ വാരിയെറിഞ്ഞു; മാപ്പ് പറയണമെന്ന് ബിജെപി
തെക്കൻ കർണാടകയിലെ പ്രധാന വോട്ട് ബാങ്കായ വൊക്കലിഗ സമുദായത്തോട് തന്റെ കരങ്ങൾ ശക്തിപ്പെടുത്താൻ ശിവകുമാർ ആഹ്വാനം ചെയ്തിരുന്നു. വൊക്കലിഗ വിഭാഗക്കാരനാണ് ശിവകുമാർ. ജനതാദളിന് സ്വാധീനമുള്ള മേഖലയാണ് മാണ്ഡ്യ. ജില്ലയിലെ ഏഴ് സീറ്റുകളും 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിഎസ് നേടി. മേയ് മാസമാണ് കർണാടകയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ മുഖ്യമന്ത്രി ആകാനുള്ള ആഗ്രഹം തുറന്നുപറഞ്ഞ നേതാക്കളാണ് ശിവകുമാറും സിദ്ധരാമയ്യയും.
നേരത്തെ വിവാഹ ചടങ്ങിൽ നർത്തകിക്ക് നേരെ കറൻസി നോട്ടുകൾ വാരിയെറിയുന്ന കോൺഗ്രസ് നേതാവിന്റെ വീഡിയോ വൈറലായിരുന്നു. ധർവാഡിലാണ് സംഭവം നടന്നത്. സുഹൃത്തിന്റെ വീട്ടിൽ ശിവശങ്കർ ഹംപാനാവർ എന്ന നേതാവാണ് നോട്ടുകൾ നർത്തകിക്ക് നേരെ വാരിയെറിഞ്ഞത്. കന്നഡ ഗാനത്തിന് ചുവടുവെക്കുന്ന നർത്തകിക്കൊപ്പം നേതാവും നൃത്തം ചെയ്തു. ഇദ്ദേഹത്തിന്റെ അനുയായികൾ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം. കോൺഗ്രസിന്റെ സംസ്കാരമാണ് നേതാവിലൂടെ പുറത്തുവന്നതെന്ന് ബിജെപി ആരോപിച്ചു.
ഇത് ലജ്ജാകരമാണെന്ന് കർണാടക ബിജെപി ജനറൽ സെക്രട്ടറി മഹേഷ് തെങ്കിങ്കൈ പ്രതികരിച്ചു. ഒരു പെൺകുട്ടി നൃത്തം ചെയ്യുന്നു, അവളുടെ നേരെ നേതാവ് പണം എറിയുന്നു. പണത്തിന്റെ വില ഇവർക്ക് അറിയില്ല. ഇത്തരം സംഭവങ്ങൾ കോൺഗ്രസിന്റെ സംസ്കാരം എന്താണെന്ന് കാണിക്കുന്നു, സംഭവത്തെ അപലപിക്കുന്നുവെന്നും കോൺഗ്രസ് ഇത് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.