ഡികെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകും. ഈയാഴ്ച സിദ്ധരാമയ്യ രാജി നൽകും. സതീശ് ജർക്കിഹോളി കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാകും.

ബെം​ഗളൂരു: ഡികെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകും. ഈയാഴ്ച സിദ്ധരാമയ്യ രാജി നൽകും. സതീശ് ജർക്കിഹോളി കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാകും. അതേസമയം, സിദ്ധരാമയ്യയ്ക്ക് രാജ്യസഭ സീറ്റോ മകന് മന്ത്രിസ്ഥാനമോ നൽകാം എന്നാണ് നിർദേശം. പിസിസി അധ്യക്ഷ സ്ഥാനവും സിദ്ധരാമയ്യ പക്ഷത്തിന് നൽകും എന്നാണ് സൂചന. ഒന്നിലധികം ഉപമുഖ്യമന്ത്രിമാർ ഉണ്ടാകാനും സാധ്യത.

ഇന്നലെ ഏഴു മണിക്കൂർ നീണ്ടു നിന്ന ചർച്ചയ്ക്കു ശേഷം കർണ്ണാടക മുഖ്യമന്ത്രിയെ മാറ്റുമെന്ന അഭ്യൂഹം കോൺഗ്രസ് ഹൈക്കമാൻഡ് തള്ളിയിരുന്നു. എന്നാൽ, നേതൃമാറ്റത്തിനുള്ള ഹൈക്കമാൻഡ് തീരുമാനം യോഗത്തിൽ സിദ്ധരാമയ്യയെ അറിയിച്ചിരുന്നു. ഇതിനുള്ള സമയം തീരുമാനിക്കുന്നത് ഹൈക്കമാൻഡ് സിദ്ധരാമയ്യയ്ക്ക് വിട്ടു. ഹൈക്കമാൻഡ് തീരുമാനം സിദ്ധരാമയ്യയ്ക്ക് വലിയ ഞെട്ടലായി. സിദ്ധരാമയ്യയെ അനുനയിപ്പിക്കാൻ മൂന്ന് നിർദേശങ്ങളാണ് ഹൈക്കമാൻഡ് വെച്ചത്.

രാജ്യസഭ സീറ്റിൽ മത്സരിക്കുന്ന കാര്യം സിദ്ധരാമയ്യയ്ക്ക് തീരുമാനിക്കാം എന്നതായിരുന്നു ആദ്യ നിർദേശം. പിസിസി അധ്യക്ഷ സ്ഥാനം സിദ്ധരാമയ്യയുടെ വിശ്വസ്തന് നൽകും. സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രയെ മന്ത്രിയാക്കാം എന്ന വാഗ്ദാനവും ഉണ്ട്. മല്ലികാർജ്ജുൻ ഖർഗെയുടെ അടക്കം പേരുകൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും ഡികെ ശിവകുമാറിലേക്ക് തന്നെയാണ് ഹൈക്കമാൻഡ് എത്തിയിരിക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ ശക്തമായ പിന്തുണ ശിവകുമാറിനുണ്ട്. അടുത്തയാഴ്ച സത്യപ്രതിജ്ഞയ്ക്ക് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പോകും.

ഒന്നിലധികം ഉപമുഖ്യമന്ത്രിമാരെയും പരിഗണിക്കുന്നുണ്ട്. ശിവകുമാറിൻ്റെ കൈയ്യിൽ ഇപ്പോഴുള്ള ആഭ്യന്തര വകുപ്പ് സിദ്ധരാമയ്യ പക്ഷം ചോദിച്ചേക്കും. ഇന്ന് ദില്ലിയിൽ തുടരുന്ന ശിവകുമാർ നാളെ രാവിലെ ബെം​ഗളൂരുവിൽ മടങ്ങിയെത്തി സിദ്ധരാമയ്യയെ കാണും. കർണാടക സർക്കാർ അധികാരത്തിലെത്തിയപ്പോൾ രണ്ടര വർഷം വീതം മുഖ്യമന്ത്രി പദം പങ്കിടാം എന്ന ധാരണ ഉണ്ടാക്കിയെങ്കിലും ഇത് പാലിച്ചില്ലെന്നാണ് ശിവകുമാറിൻ്റെ പരാതി. കേരളത്തിൽ ഹൈക്കമാൻഡിൻ്റെ ആദ്യ തീരുമാനം മാറ്റി വിഡി സതീശനെ മുഖ്യമന്ത്രിയാക്കിയതോടെയാണ് കർണാടകയിൽ ശിവകുമാർ വീണ്ടും ഇക്കാര്യം ഉന്നയിച്ചുള്ള സമ്മർദം ശക്തമാക്കിയത്.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News