പശ്ചിമ ബംഗാളിൽ 50 തൃണമൂൽ എംഎൽഎമാരും 20 എംപിമാരും ബിജെപിയിൽ ചേരാൻ തയ്യാറാണെന്ന് ബിജെപി എംപി സൗമിത്ര ഖാൻ അവകാശപ്പെട്ടു. എന്നാൽ, ഈ വാദങ്ങൾ തൃണമൂൽ കോൺഗ്രസ് നിഷേധിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, മുതിർന്ന നേതാക്കളുടെ നീക്കങ്ങളും അഴിമതി ആരോപണങ്ങളും പാർട്ടിക്ക് തലവേദനയാകുന്നുണ്ട്.

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൻ്റെ 50 എംഎൽഎമാരും 20 എംപിമാരും ബിജെപിയിലേക്ക് വരാൻ തയ്യാറെന്ന് ബിജെപി എംപി സൗമിത്ര ഖാൻ. കേന്ദ്ര നേതൃത്വം പച്ചക്കൊടി കാണിച്ചാൽ പാർട്ടി മാറാൻ ഇവർ തയ്യാറെന്നും അദ്ദേഹം അവകാശപ്പെട്ടു. അഭിഷേക് ബാനർജിയെ 'പാപി' എന്ന് വിശേഷിപ്പിച്ച ബിജെപി എംപി, പാപികൾക്ക് ശിക്ഷ ഉടൻ ലഭിക്കുമെന്നും ജയിലിൽ പോകേണ്ടി വരുമെന്നും പറഞ്ഞു. അഭിഷേകിന്റെ വീടിന് മുന്നിൽ ഇപ്പോൾ 'ബുൾഡോസർ' നിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Add Asianetnews as a Preferred SourcegooglePreferred

പശ്ചിമ ബംഗാളിലെ വിവിധ മുനിസിപ്പാലിറ്റികളിലായി നൂറോളം തൃണമൂൽ കൗൺസിലർമാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം രാജിവെച്ചതായാണ് റിപ്പോർട്ട്. തൃണമൂൽ കോൺഗ്രസിൻ്റെ മുതിർന്ന നേതാവും മമത ബാനർജിയുടെ ഏറ്റവും വിശ്വസ്‌തയുമായ കാകോലി ഘോഷ് ദസ്തീദാർ കഴിഞ്ഞ ദിവസം സുവേന്ദു അധികാരിയുടെ യോഗത്തിൽ പങ്കെടുത്തതും വലിയ വിവാദമായിട്ടുണ്ട്. ഇവർക്ക് കേന്ദ്രം വൈ കാറ്റഗറി സുരക്ഷയും അനുവദിച്ചിട്ടുണ്ട്.

എന്നാൽ സൗമിത്ര ഖാന്റെ അവകാശവാദങ്ങൾ തൃണമൂൽ കോൺഗ്രസ് തള്ളി. ഇത്നുണപ്രചാരണം മാത്രമാണെന്നും പാർട്ടിക്കുള്ളിൽ കുഴപ്പങ്ങളൊന്നുമില്ലെന്നും തൃണമൂൽ എംപി സൗഗത റോയ് പ്രതികരിച്ചു. ബംഗാളിൽ അടുത്ത വർഷം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തൃണമൂൽ കോൺഗ്രസിലെ കലഹങ്ങളും കൂറുമാറ്റ ഭീഷണികളും പുറത്തുവരുന്നത്. ഇതോടൊപ്പം അഴിമതി ആരോപണങ്ങളും കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളും മമത ബാനർജിയെയും സംഘത്തെയും കൂടുതൽ സമ്മർദ്ദത്തിലാക്കുന്നുണ്ട്.