'ഗൂഗിള്‍ പേ വഴി വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നു'; ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ പരാതി
ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിയായ അണ്ണാമലൈ കോയമ്പത്തൂരില്‍ നിന്ന് ജയിച്ചുകയറുമെന്നാണ് ബിജെപിയുടെ അവകാശവാദം. എന്നാലിവിടെ സുതാര്യമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളല്ല നടക്കുന്നത് എന്നാണ് ഡിഎംകെയുടെ വാദം
ചെന്നൈ: തമിഴ്‍നാട്ടില്‍ ബിജെപി ഏറെ വിജയപ്രതീക്ഷ വച്ചുപുലര്‍ത്തുന്ന കോയമ്പത്തൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ബന്ധുക്കള്‍ വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കുന്നതായി ഡിഎംകെയുടെ പരാതി. ബിജെപി സ്ഥാനാര്‍ത്ഥി കെ അണ്ണാമലൈയുടെ ബന്ധുക്കള്‍ ഗൂഗിള്‍ പേ വഴി വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നുവെന്നാണ് പരാതി.
ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിയായ അണ്ണാമലൈ കോയമ്പത്തൂരില്‍ നിന്ന് ജയിച്ചുകയറുമെന്നാണ് ബിജെപിയുടെ അവകാശവാദം. എന്നാലിവിടെ സുതാര്യമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളല്ല നടക്കുന്നത് എന്നാണ് ഡിഎംകെയുടെ വാദം.
ഇന്നലെ ഇവിടെയൊരു ബിജെപി പ്രവര്‍ത്തകന്‍റെ കാറില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ 81,000 രൂപ പിടിച്ചെടുത്തിരുന്നു. വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനെത്തിച്ച പണമായിരുന്നു ഇത്. രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്നാണ് ഫ്ലയിങ് സ്ക്വാഡ് സ്ഥലത്തെത്തിയത്.
കെ അണ്ണാമലൈയുടെ പ്രചാരണത്തിനായി മണ്ഡലത്തിന് പുറത്തുനിന്ന് വന്നവര്‍ മണ്ഡലത്തില്‍ തങ്ങിയിരിക്കുകയാണെന്നും പണം നല്‍കി വോട്ടര്‍മാരെ കയ്യിലാക്കി വിജയിക്കാനാണ് ബിജെപി കോയമ്പത്തൂരില്‍ ശ്രമിക്കുന്നതെന്നും ഡിഎംകെ ആരോപിക്കുന്നു.
നേരത്തേ ട്രെയിനില്‍ കടത്തിയ കോടിക്കണക്കിന് രൂപയുമായി ബിജെപി പ്രവര്‍ത്തകൻ അടക്കം ചെന്നൈയില്‍ പിടിയിലായിരുന്നു. ഈ സംഭവങ്ങളെല്ലാം തന്നെ ബിജെപിക്കെതിരായ ആരോപണങ്ങളെ അടിവരയിടുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-